marykom-selection-issue
marykom selection issue

അഭിനവ് ബിന്ദ്രയ്ക്ക് ബോക്സിംഗിൽ

എന്തുകാര്യമെന്ന് എം.സി. മേരികോം

ന്യൂഡൽഹി : അടുത്തവർഷത്തെ ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റിൽ ആര് പങ്കെടുക്കണമെന്നതിനെച്ചൊല്ലി വനിതാതാരങ്ങളായ എം.സി. മേരികോമും നിഖാത്ത് സരിനും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ നിഖാതിനെ അനുകൂലിച്ച് രംഗത്തെത്തിയ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്കെതിരെ മേരികോം രംഗത്തെത്തി.

ഒളിമ്പിക് യോഗ്യതാറൗണ്ടിൽ 51 കി.ഗ്രാം വിഭാഗത്തിൽ പങ്കെടുക്കാനുള്ള താരത്തെ തിരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് നടത്തണമെന്നാണ് ദേശീയ ചാമ്പ്യനും ഏഷ്യൻ വെങ്കല മെഡൽ ജേതാവുമായ നിഖാത് സരിന്റെ ആവശ്യം. എന്നാൽ ഇൗയടുത്ത് റഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ മേരികോമിനെ ട്രയൽസ് കൂടാതെ ക്വാളിഫയറിന് അയയ്ക്കാനാണ് ബോക്സിംഗ് ഫെഡറേഷന്റെ തീരുമാനം. ഇതിനെതിരെ പരസ്യമായി രംഗത്തുവന്ന നിഖാത് സരിൻ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന് പരാതിയും നൽകിയിരുന്നു.

എന്നാൽ രാജ്യത്തിന്റെയും ബോക്സിംഗിന്റെയും നന്മയെക്കരുതി ഫെഡറേഷൻ തീരുമാനമെടുക്കട്ടേ എന്ന് പറഞ്ഞ് വിവാദത്തിൽ നിന്ന് ഒഴിയുകയായിരുന്നു കേന്ദ്രമന്ത്രി.

ബിന്ദ്ര ഒളിമ്പിക് സ്വർണമെഡൽ ജേതാവാണെങ്കിൽ തനിക്ക് നിരവധി ലോക ചാമ്പ്യൻഷിപ്പ് സ്വർണങ്ങളുണ്ടെന്നും ബോക്സിംഗ് ബിന്ദ്രയുടെ ഇടമല്ലെന്നും മേരികോം പറഞ്ഞു. എല്ലാ ഇന്റർനാഷണൽ ടൂർണമെന്റുകൾക്ക് മുമ്പും ബിന്ദ്ര സെലക്ഷൻ ട്രയൽസ് നടത്തിയിട്ടുണ്ടോയെന്നും മേരികോം ചോദിച്ചു. നിഖാത് സരിനുമായി ട്രയൽസിൽ ഏറ്റുമുട്ടുന്നതിൽ തനിക്ക് ഒരുപ്രശ്നവുമില്ലെന്നും മേരികോം പറഞ്ഞു.