ബംഗ്ളാദേശിനെതിരെ സഞ്ജുവിന്
അവസരം ലഭിച്ചേക്കും
ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പര്യടനത്തിനെത്തുന്ന ബംഗ്ളാദേശിനെതിരായ ട്വന്റി -20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലി വിട്ടുനിന്നേക്കും. തിരക്കിട്ട ഷെഡ്യൂളിൽ മതിയായ വിശ്രമം ലഭിക്കുന്നതിനാണ് കൊഹ്ലി ട്വന്റി -20യിൽനിന്ന് മാറിനിൽക്കാൻ ആലോചിക്കുന്നത്.
എന്നാൽ ട്വന്റി -20 ക്കുശേഷം ബംഗ്ളാദേശിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കൊഹ്ലി കളിക്കും.
അതേസമയം ബംഗ്ളാദേശിനെതിരെ ധോണിയെ കളിപ്പിക്കണോ എന്ന കാര്യത്തിൽ പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെലക്ടർമാരുമായി ചർച്ച നടത്തും. ബംഗ്ളാദേശിനെതിരെ സീനിയേഴ്സിന് വിശ്രമം നൽകി ട്വന്റി -20യിൽ സഞ്ജുസാംസൺ അടക്കമുള്ള പുതുതലമുറയ്ക്ക് അവസരം നൽകാനും സാധ്യതയുണ്ട്.
ബംഗാൾ വാരിയേഴ്സിന്
പ്രൊ കബഡി കിരീടം
അഹമ്മദാബാദ് : ആവേശകരമായ ഫൈനലിൽ ദബാംഗ് ഡൽഹിയെ 39-34 എന്ന സ്കോറിന് കീഴടക്കി ബംഗാൾ വാരിയേഴ്സ് പ്രൊ കബഡി ലീഗ് ഏഴാം സീസൺകിരീടം സ്വന്തമാക്കി. ആദ്യപകുതിയിൽ ഇരു ടീമുകളും 17-17ന് തുല്യതയിലായിരുന്നു. ആദ്യമായാണ് ഇരുടീമുകളും ഫൈനലിലെത്തുന്നത്. ബംഗാൾ വാരിയേഴ്സിന്റെ കന്നിക്കിരീടമാണിത്.
ഇന്ത്യ ഫൈനലിൽ തോറ്റു
ജോഹർ ബൊഹ്റു : സുൽത്താൻ ജൊഹർ കപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കി ബ്രിട്ടനാണ് കിരീടം നേടിയത്. കഴിഞ്ഞദിവസം പൂൾ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യയും ബ്രിട്ടനും 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ബാഴ്സലോണയ്ക്ക് ജയം
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എയ്ബറിനെ കീഴടക്കി ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. സൂപ്പർ താരങ്ങളായ അന്റോണിനോ ഗ്രീസ്മാൻ (13-ാം മിനിട്ട്), ലയണൽ മെസി (58-ാം മിനിട്ട്), ലൂയിസ് സുവാരേസ് (66-ാം മിനിട്ട്) എന്നിവരാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്. ഒൻപത് മത്സരങ്ങളിൽനിന്ന് ബാഴ്സയ്ക്ക് ഇതോടെ 19 പോയിന്റായി. എട്ട് കളികളിൽനിന്ന് 18 പോയിന്റുള്ള റയൽ മാഡ്രിഡാണ് ലീഗിൽ രണ്ടാംസ്ഥാനത്ത്.
ബൾഗേറിയൻ കോച്ച് രാജിവച്ചു
സോഫിയ : കഴിഞ്ഞയാഴ്ച നടന്ന യൂറോകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇംഗ്ളണ്ടിനോട് 6-0 ത്തിന് തോറ്റ ബൾഗേറിയൻ ഫുട്ബാൾ ടീമിന്റെ പരിശീലകൻ ക്രാസിമിർ ബാലക്കോവ് രാജിവച്ചു. മത്സരത്തിൽ ബൾഗേറിയൻ കാണികൾ ഇംഗ്ളീഷ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഇതേ തുടർന്ന് ബൾഗേറിയൻ ഫുട്ബാൾ ഫെഡറേഷൻ തലവനും രാജിവച്ചിരുന്നു.