നേമം: പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി കലാ-കായിക മേള സംഘടിപ്പിച്ചു. നൂറിലേറെ കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഡാൻസ്, പാട്ട്, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ മത്സരങ്ങളും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി കസേര ചുറ്റിക്കളി, കളറിംഗ്, ഡാൻസ്, ഫാൻസിഡ്രസ്, ഓട്ടം എന്നിവയും നടത്തി. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 'പ്രതീക്ഷ-2019' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളളായണി വാർഡ് അംഗം മനോജ് കെ. നായർ, അംഗൻവാടി സൂപ്പർവൈസർ എ.കെ. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.