ddd

നെയ്യാറ്റിൻകര: ഓടകളിലെ മാലിന്യത്തിൽ മഴവെള്ളം നിറഞ്ഞ് റോഡരുകിലേക്ക് ഒഴുകിയും റോഡരുകിൽ കൊണ്ടുതള്ളുന്ന ഖരമാലിന്യം നീക്കം ചെയ്യാതെയും നെയ്യാറ്റിൻകര ടൗൺ പ്രദേശം നരകതുല്യായി മാറി. ജൂൺ മാസത്തിലാണ് സാധാരണ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെങ്കിലും ഇതിലേക്കായി മാറ്റിവച്ച ഫണ്ട് നിർലോഭം ഉപയോഗിച്ചതല്ലാതെ നഗരശുചീകരണം ഗണപതികല്യാണം പോലെ നാളെനാളെയായി മാറുകയാണ്. ടി.ബി ജംഗ്ഷനിലെ ഡോ. ജി.ആർ സ്റ്റേഡിയത്തിൽ ഓണക്കാലത്ത് നടത്തിയ നെയ്യാർ ഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ടായ പ്ലാസ്റ്റിക് ഖരമാലിന്യം ഇതേവരെ നീക്കം ചെയ്തിട്ടില്ല. ദേശീയ പാതയ്ക്കരികിലെ സ്റ്റേഡിയത്തിന് മുൻപിലായി ഇവ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. മഴകൂടി പെയ്തിറങ്ങിയതോടെ ചാക്കിനുള്ളിൽ നിന്നും മാലിന്യം റോഡിലേക്ക് ഒഴുകുകയാണ്.

രാവിലെ നഗരസഭാ വക വാഹനങ്ങളിൽ കണ്ടിജൻസി ജീവനക്കാരെത്തി ചപ്പുചവറുകൾ നീക്കം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ അടുത്തിടെ കണ്ണംകുഴിക്ക് സമീപം റോഡരുകിൽ ചവർ കൊണ്ടുവന്ന് തള്ളാവാൻ ശ്രമിച്ച ജീവനക്കാരനെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചതോടെ ചവർ ശേഖരിക്കുന്ന നടപടികളും ഭാഗികമായി മുടങ്ങി.