photo

ചിറയിൻകീഴ്: പാലകുന്ന്- ഈഞ്ചയ്ക്കൽ റോഡിലെ ഓട നവീകരണം അനന്തമായി നീളുന്നത് സമീപത്തെ വീട്ടുകാരെയും വാഹനയാത്രികരെയും ഒരേ പോലെ കഷ്ടത്തിലാക്കുന്നു. ഒരാഴ്ചയ്ക്കത്ത് നിർമ്മാണം തീർക്കാമെന്ന ധാരണയിലാണ് മിക്ക വീടിന്റെയും മുൻവശത്തുളള ഓടയിലെ സ്ലാബുകൾ ഇളക്കിയത്. ഓട നിർമാണം ഒച്ച് ഇഴയുന്നതിനെയും തോല്പിച്ചതോടെ വീട്ടുകാരും നാട്ടുകാരും വെട്ടിലായി. സ്ളാബുകൾ പൊളിച്ചതോടെ പല വീട്ടുകാർക്കും വാഹനങ്ങൾ വീട്ടിൽ ഇടാൻ സാധിക്കാതെയായി. എളുപ്പം ശരിയാകുമെന്ന ധാരണയിൽ ആദ്യമൊക്കെ പലരും വാഹനങ്ങൾ ബന്ധുവീട്ടിലും മറ്റ് ഇടങ്ങളിലുമെല്ലാം പാർക്ക് ചെയ്തിരുന്നു. ആഴ്ച മാസങ്ങളായിട്ടും പണി നടക്കാതെ വന്നതോടെ പല വീട്ടുകാരും ഇളക്കി വെച്ചിരുന്ന സ്ലാബുകൾ സ്വയം നിരത്തിയാണ് ഇപ്പോൾ വീടുകളിൽ വാഹനങ്ങൾ കയറ്റുന്നത്. അതിന് സാധിക്കാത്ത വീട്ടുകാരുമുണ്ട്. ഓട നിർമ്മാണത്തിന്റെ ഭാഗമായി ഇളക്കിയ സ്ലാബുകൾ റോഡിൽ നിരത്തി വെച്ചിരിക്കുന്നതും ഒാ‌‌ടയുടെ സൈഡിൽ മണ്ണ് നിരത്തിയിരിക്കുന്നതും കാരണം ഇതുവഴിയുളള യാത്ര ദുഷ്കരമാണ്. ഈഞ്ചയ്ക്കൽ ആറ് മുതൽ യുവപ്രതിഭ ക്ലബ് വരെയുള്ള ഓടയുടെ നിർമാണം നേരത്തെ കഴിഞ്ഞിരുന്നു. തുടർന്ന് യുവ പ്രതിഭ ക്ലബ് മുതൽ പാലകുന്ന് വരെയുളള ഓടയുടെ നിർമാണമാണ് അനന്തമായി നീളുന്നത്. ഓടയും റോഡും ചേർത്താണ് അവിടെ കരാറെടുത്തിരിക്കുന്നത്. ഇവിടെ ഓട നിർമാണവുമായി ബന്ധപ്പെട്ട് നിലവിലെ ഓട മണ്ണിട്ട് കുറച്ച് നികത്തേണ്ടതുണ്ടെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി രണ്ട് പ്രാവശ്യം മണ്ണിട്ടപ്പോൾ മഴവെള്ളത്തിൽ മണ്ണ് ഒലിച്ച് പോയി. ഒരു പ്രാവശ്യം ഓടയുടെ ഒരു ഭാഗം അടച്ച ശേഷം മണ്ണിട്ടപ്പോൾ അടച്ച ഭാഗം ആരോ കുത്തിത്തുറന്ന് മണ്ണ് ഒലിച്ചുപോയി എന്നൊക്കെയാണ് നിർമാണ ജോലിയുമായി ബന്ധപ്പെട്ടുള്ളവരുടെ വാദം. കരാറുകാരന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓട നിർമാണം അനന്തമായി നീളുന്നതിന് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോഴത്തെ ഓടയുടെ അവസ്ഥ പരമ ദയനീയമാണ്. മഴവെള്ളം പോലും സുഗമമായി ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്.