തിരുവനന്തപുരം : പേട്ട ആനയറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം ശനിയാഴ്ച അർദ്ധരാത്രി ആട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ്. സംഭവത്തിൽ ആറംഗ സംഘം തുമ്പ സ്റ്രേഷനിൽ കീഴടങ്ങി. അനുലാൽ, ജയദേവൻ, ബിനീഷ്, റിജു, ശിവപ്രസാദ്, റസീം ഖാൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കാരാളി അനൂപ് വധക്കേസിൽ ഒന്നാം പ്രതിയായ ചാക്ക താഴശേരി വയലിൽ വീട്ടിൽ വിപിനാണ് (കൊച്ചുകുട്ടൻ- 32) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ഈഞ്ചയ്ക്കലിലെ മാളിനു മുന്നിൽ നിന്ന് ഗുണ്ടാ സംഘത്തിലൊരാൾ വിപിന്റെ ആട്ടോ സവാരിക്കു വിളിച്ചു. ഹൈവേയിൽ നിന്ന് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിഞ്ഞ്, ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോഴേക്കും കാത്തുനിന്ന സംഘത്തിലെ മറ്റുള്ളവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രക്കാരൻ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി 108ആംബുലൻസിൽ വിപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വലതു കൈയും ഇടതു പാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. എ.ഐ.ടി.യു.സി അംഗമാണ് വിപിൻ. ഭാര്യ അനിത, മക്കൾ ,ആർദ്രം (5വയസ്), ആതിര (3വയസ്).
2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഈഞ്ചയ്ക്കലിലെ സ്വകാര്യ ബാറിൽ വച്ച് കൊലപാതക സംഘവും വിപിനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് വഞ്ചിയൂർ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന വിപിൻ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലെ വൈരാഗ്യമാണെന്ന് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.