1

നേമം: കരമനയാറിൽ കുളിക്കാനിറങ്ങിയ വൃദ്ധൻ കുത്തൊഴുക്കിൽപ്പെട്ടു. മരക്കൊമ്പിൽ പിടിച്ച് തൂങ്ങിക്കിടന്ന ഇദ്ദേഹത്തെ നാട്ടുകാരായ യുവാക്കളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. കുടപ്പനക്കുന്ന് ചൂഴാമ്പാല കൃഷ്ണ ഭവനിൽ നടരാജൻ (79) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ കരമന പാലത്തിനു സമീപത്തെ കാഞ്ചീപുരം ക്ഷേത്രത്തോട് ചേർന്നുള്ള ആറിലെ കുളിക്കടവിലായിരുന്നു അപകടം. മലയോര മേഖലയിൽ ശക്തമായി പെയ്യുന്ന മഴയിൽ കരമനയാറിലെ ജലനിരപ്പ് പതിവിലും ഉയർന്നിരുന്നു. ശക്തമായി ഒഴുക്കുള്ള ഭാഗത്തായിരുന്നു നടരാജൻ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അബദ്ധത്തിലാണ് കുത്തൊഴുക്കിൽപ്പെട്ടത്. ഏകദേശം 50 മീറ്ററിലേറെ ദൂരം ഒഴുകി പോകവെ പ്രാണരക്ഷാർത്ഥം ആറ്റിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന കരമന സ്വദേശികളായ വിഘ്നേഷ്, സായ് കിരൺ എന്നിവർ കുത്തൊഴുക്കിനെ അവഗണിച്ച് വെള്ളത്തിൽ ചാടുകയും നടരാജനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഈ സമയം നാട്ടുകാർ അറിയിച്ച പ്രകാരം ചെങ്കൽചൂളയിൽ നിന്ന് ഫയർഫോഴ്സും കരമന പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേരുകയായിരുന്നു. ചെങ്കൽചൂള സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാർ, വേണു, സന്തോഷ് എന്നിവർ ചേർന്നാണ് നടരാജനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ഫോട്ടോ:ഒഴുക്കിൽപ്പെട്ട നടരാജനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ