കല്ലമ്പലം: ഭാണ്ഡങ്ങൾ തോളിലേറ്റി കല്ലമ്പലം നഗര വീഥിയിലൂടെ തലങ്ങും വിലങ്ങും ഓടി മറയുന്ന അഞ്ജാതനായ മദ്ധ്യ വയസ്കൻ നാട്ടുകാർക്കും വ്യാപാരികൾക്കും നൊമ്പരമാകുന്നു. എന്നാൽ ആക്രമിക്കുമെന്ന് കരുതി കൊച്ചുകുട്ടികളും സ്ത്രീകളും വിദ്യാർത്ഥികളും ഇയാളെ ഭയക്കുന്നു. മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കുന്ന ഇയാൾക്ക് സംസാര ശേഷിയുമില്ലെന്ന് തോന്നുന്നു. വ്യക്തതയില്ലാത്ത സംസാരവും ആഗ്യംഭാഷയും കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും മനസിലാക്കിയെടുക്കാൻ പ്രയാസമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിന്ന് രക്ഷനേടാനായി ജംഗ്ഷനിലെ ഡിവൈഡറിനു മുകളിൽ പഴകിയ ഒരു ഷീറ്റ് ഫ്ലക്സിനുള്ളിൽ തന്റെ ശരീരവും ഭാണ്ഡങ്ങളും മറയ്ക്കാൻ പെടുന്നപാട് ചിലരിൽ കൗതുകമുണർത്തിയെങ്കിലും പലരുടെയും കണ്ണുകൾ നനയിച്ചു. രാത്രിയിലും ഉറക്കം ഡിവൈഡറിനു മുകളിൽ തന്നെ.

ആരെങ്കിലും അടുത്ത് ചെന്ന് കുശലാന്വേഷണം നടത്താൻ ശ്രമിച്ചാൽ തന്റെ ഭാണ്ഡകെട്ടുകളും തൂക്കി പെട്ടെന്ന് നടന്നകലും. ഇയാളെക്കുറിച്ച് അന്വേഷണം നടത്തി ബന്ധുക്കളെ കണ്ടെത്തുകയോ, ജനപ്രതിനിധികൾ ഇടപ്പെട്ട് ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ വേണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് ആവശ്യപ്പെട്ടു.

anjathan