തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച റഗുലേറ്ററി അതോറിട്ടിയിൽ നിന്ന് സർക്കാർ തിരഞ്ഞെടുത്ത അംഗങ്ങളിലൊരാൾ പിന്മാറി. പി.ഡബ്ളിയു.ഡിയിലെ മുൻ ചീഫ് എൻജിനിയറും നിലവിൽ കിഫ്ബിയിലെ സാങ്കേതിക വിദഗ്ദ്ധനുമായ മാത്യു ഫ്രാൻസിസാണ് ചുമതലയേൽക്കാൻ വിസമ്മതിച്ചത്. ഇതോടെ സമിതിക്ക് അന്തിമരൂപമാകാൻ ഇനിയും വൈകും. പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കി മാത്യു സർക്കാരിന് കത്തു നൽകും.
കഴിഞ്ഞ ആഴ്ചയാണ് അതോറിട്ടി ചെയർമാനെയും അംഗങ്ങളെയും തീരുമാനിച്ചത്. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെയർമാനായും നിയമവിദഗ്ദ്ധ പ്രീത പി. മേനോൻ അംഗമായും ചുമതലയേറ്റു.
മാത്യു ഫ്രാൻസിസ് പിന്മാറിയതോടെ പുതിയൊരംഗത്തെ തിരഞ്ഞെടുക്കാൻ നടപടികൾ പുനരാരംഭിക്കണം.
സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് അപേക്ഷ ക്ഷണിക്കണം. നടപടികൾക്കൊടുവിൽ രണ്ട് പേരുടെ പട്ടിക കമ്മിറ്റി സർക്കാരിന് സമർപ്പിക്കും. ഇതിൽ നിന്ന് ഒരാളെ അംഗമായി തിരഞ്ഞെടുക്കും. ഇതിനൊക്കെയായി ആറുമാസമെങ്കിലും വേണ്ടിവരും.
2016- ലെ കേന്ദ്ര നിയമപ്രകാരം ഭൂരിഭാഗം സംസ്ഥാനങ്ങളിലും അതോറിട്ടി രൂപീകരിച്ചിട്ടും കേരളം അനങ്ങാത്തതിനെ പറ്റി, മരടിലെ ഫ്ളാറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണ് കഴിഞ്ഞ ആഴ്ച ചെയർമാനെയും അംഗങ്ങളെയും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ അംഗങ്ങളിലൊരാൾ പിന്മാറിയതോടെ അതോറിട്ടി പ്രവർത്തനം തുടങ്ങാൻ വൈകുമെന്ന് ഉറപ്പായി.
നിയമം ഇങ്ങനെ
കേന്ദ്രസർക്കാർ നിയമപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹത്തിന്റെ പ്രതിനിധിയായ ജഡ്‌ജിയോ അദ്ധ്യക്ഷനായ സമിതിയാണ് ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടത്. ഇതുപ്രകാരം ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റിയാണ് നിലവിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. ഇതോടെ സമിതി പിരിച്ചുവിട്ടു. ജസ്റ്റിസ് രാമചന്ദ്രമേനോൻ ഇപ്പോൾ ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസാണ്.