മലയിൻകീഴ് : ഊരൂട്ടമ്പലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നവംബർ 3 ന്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് മുൻപ് ഭരണം കൈയാളിയിരുന്ന പി.കുട്ടപ്പൻനായർ ഉൾപ്പെടെ 10 പേരെ സഹകരണ ജോയിന്റ് രജിസ്ട്രാർ സർചാർജ് ചുമത്തി അയോഗ്യരാക്കി. മുൻ ഭരണ സമിതിയിലെ ഒരംഗം മരണപ്പെട്ടിരുന്നു. 42 വർഷം ബാങ്ക് പ്രസിഡന്റായിരുന്ന കുട്ടപ്പൻനായരുടെ ഭരണ കാലത്ത് കോടികളുടെ അഴിമതി ആരോപണത്തെ തുടർന്ന് സഹകരണ നിയമം 68 പ്രകാരമുള്ള അന്വേഷണം നടക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് രജിസ്ട്രാർ കുട്ടപ്പൻനായർ ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങൾക്ക് സർചാർജ് ചുമത്തി അയോഗ്യരാക്കാൻ കാരണം. ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹൈക്കോടതി സഹകരണ തിരഞ്ഞെടുപ്പു കമ്മിഷന് അനുമതി നൽകിയിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും സംയുക്തമായി ഇടതുമുന്നണിക്കെതിരെ സ്ഥാനാർത്ഥികളെ നിറുത്തുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അയോഗ്യരാക്കപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സർക്കാരിന്റെയും അഭിപ്രായം ആരായാൻ കോടതി ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. കോടതി തീരുമാനം വരാനിരിക്കെ, തിരഞ്ഞെടുപ്പ് നടത്താൻ നേരത്തെ ഹൈക്കോടതി അനുമതി നൽകിയതിനാൽ സഹകരണ വകുപ്പ് തുടർന്ന് നടപടിക്രമങ്ങൾ നടത്തുന്നത്. ഇടത് മുന്നണിയുടെ 11 അംഗ പാനൽ നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.