ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല വാർഡിലെ മൈലമൂട്ട് പാറഖനനം നടത്താനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. മൈലമൂട് പാറമകൾ എന്ന സ്ഥലത്ത് പാറ ഖനനം നടത്താൻ വർഷങ്ങൾക്ക് മുൻപേ ശ്രമം തുടങ്ങിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം നടന്നില്ല. ഇപ്പോൾ വീണ്ടും പാറഖനനത്തിന് അനുമതിയുമായി സ്വകാര്യ വ്യക്തികൾ രംഗത്തെത്തിയതോടെയാണ് വീണ്ടും ജനകീയ പ്രതിഷേധം ശക്തമായത്.
കുറച്ചു ദിവസങ്ങളായി പാറഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പാറഖനനം നടത്താൻ ശ്രമിക്കുന്നവരുമായി തർക്കത്തിലായിരുന്നു. ഇക്കഴിഞ്ഞ ദിവസം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം ന്ദർശിച്ചതോടെ ജനങ്ങൾ സംഘടിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പതിനാറിൽപ്പരം ആളുകൾക്കെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. ഇതോടെ ഇന്നലെ പ്രദേശവാസികൾ സംഘടിച്ച് മൈലമൂട് ചർച്ച് ഹാളിൽ വാർഡ് മെമ്പർ ജി.എസ്.അനിതാ ദേവിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ആക്ഷൻ കൗൺസിലിന് രൂപം നൽകുകയായിരുന്നു. പ്രദേശവാസികളായ മുനൂറോളം പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ വച്ച് മൈലമൂട് രജിയെ ചെയർമാനായും സുരേഷ് കുമാറിനെ കൺവീനറുമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടുന്ന വിപുലമായ ആക്ഷൻ കൗൺസിലിന് രൂപം നൽകി.