പാറശാല: കരുമാനൂർ എൽ.എം.എസ്.എൽ.പി സ്കൂളിൽ എല്ലാ ക്ലാസ് മുറികളിലും തുറന്ന വായനശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി പുസ്തക സമാഹരണ യജ്ഞത്തിന് തുടക്കമായി. ഒരു ദിവസം കൊണ്ട് തന്നെ 200 ലേറെ പുസ്തകങ്ങൾ ആണ് സമാഹരിച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ക്ലാസ് റൂം വായനശാലകൾ വിദ്യാർത്ഥികൾക്കായി സമർപ്പിക്കും. പുസ്തക സമാഹരണത്തിനായി വിദ്യാർത്ഥികൾ എഴുതി തയാറാക്കിയ നോട്ടീസുകളുമായി പ്രചരണം നടത്തിയിരുന്നു. പാറശാല പഞ്ചായത്ത് ഓഫീസ്, ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, സബ്ട്രഷറി, കൃഷിഭവൻ, ഹോമിയോ ആശുപത്രി, മാവേലി സ്റ്റോർ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്തി വിദ്യാർത്ഥികൾ പുസ്തക ശേഖരണം നടത്തി. സർക്കാർ ജീവനക്കാരും ആട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും പുസ്തകങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുസ്തക സമാഹരണ യജ്ഞം ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ ഫാ.ആർ.ഡി.മോഹൻരാജിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി.എസ്.ഷിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. . പ്രധാനാദ്ധ്യാപകൻ ജോയ് വൽസലം, കോ-ഓർഡിനേറ്റർ ഡി.എസ്.ബീജ, ജെ. സുനികുമാരി എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സി.ആർ. ജിൻസി, ഡി. സരള, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് റൂം വായനശാലകൾ സജ്ജമാക്കുന്നത്.