കിളിമാനൂർ: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികകൾ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥി അനുപാതം കുറച്ചിട്ടും അറബി, ഉറുദു, സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷാദ്ധ്യാപക തസ്തികകൾ സംരക്ഷിക്കുന്നതിന് വിദ്യാർത്ഥികളുടെ അനുപാതം കുറക്കാത്തത് വിവേചനപരവും നീതീകരിക്കാനാകാത്തതുമാണെന്നും, അടിയന്തരമായി അനുപാതം കുറച്ച് ഭാഷാദ്ധ്യാപക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, പ്രസിഡന്റ് എ.എ.ജാഫർ എന്നിവർ ആവശ്യപ്പെട്ടു. അറബിക്ക് അദ്ധ്യാപക തസ്തികാ നിർണയത്തിനുള്ള വിദ്യാർത്ഥികളുടെ എണ്ണം ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനഃക്രമീകരിച്ചിട്ടില്ല. ഒന്നോ രണ്ടോ കുട്ടികളുടെ കുറവിൽ ഈ വർഷവും തസ്തിക നഷ്ടം സംഭവിച്ച് പുറത്ത് പോയ ധാരാളം ഭാഷാദ്ധ്യാപകരുണ്ട്. ഇത് കാരണം പത്താംക്ലാസ്‌ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഭാഷാ പഠനം ആ സ്കൂളുകളിൽ തടസപ്പെട്ടിരിക്കുകയാണ്. ഈ വർഷം സമന്വയ വഴി തസ്തിക നിർണയം നടത്തിയപ്പോൾ സോഫ്റ്റ്‌വയറിൽ ഉൾപ്പെടുത്തിയ രേഖകളുടെ അപാകതകൾ മൂലം നിരവധി ഭാഷാദ്ധ്യാപക തസ്തികകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് തസ്തികകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.