cctvgogam

മുടപുരം: സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത്, കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. ഇതിന്റെ ഉദ്‌ഘാടനം നവംബർ രണ്ടാം വാരം നടത്താൻ കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന്റെ അദ്ധ്യ ക്ഷതയിൽ കൂടിയ ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ വകുപ്പ് മന്ത്രി, ഡെപ്യൂട്ടി സ്‌പീക്കർ, എം.പി, ഡി.ജി.പി, മറ്റ്‌ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഗ്രാമപഞ്ചായത്ത് ഫണ്ടോ മറ്റ് സർക്കാർ ഫണ്ടോ വിനിയോഗിക്കാതെ പൂർണമായും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾ, സംഘടനകൾ, ആരാധനാലയങ്ങൾ, വ്യക്തികൾ തുടങ്ങിയവരിൽ നിന്നും സാമ്പത്തികം സ്വരൂപിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിൽ ആദ്യ ഘട്ടമായി 100 കാമറകൾ സ്ഥാപിക്കും. ഇതിനായി 22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ചെയർമാനും ചിറയിൻകീഴ് എസ്.ഐ കൺവീനറും ഗ്രാമ പഞ്ചായത്ത് മെമ്പർ ജി. ഗിരീഷ്‌കുമാർ ട്രഷററുമായുള്ള ജനകീയ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്.

കാമറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 51 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ(ചെയർമാൻ), കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ(വർക്കിംഗ് ചെയർമാന്മാർ), ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, എ.എസ്. ശ്രീകണ്ഠൻ, ആർ. ശ്രീലത(കൺവീനർമാർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരെഞ്ഞെടുത്തു.