കല്ലറ: കെ.എസ്.ഇ.ബി കല്ലറ - നന്ദിയോട് സെക്ഷന്റെ പരിധിയിൽ കറന്റ് പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രി ജവഹർ കോളനിക്ക് സമീപമുള്ള വനമേഖലയിൽ മരം ഒടിഞ്ഞ് വീണ് പോയ കറന്റ് ഇന്നലെ ഉച്ചയ്ക്കാണ് പുനഃസ്ഥാപിച്ചത്.
മഴ ഒന്ന് ചാറിയാൽ മതി ഇവിടെ കറന്റ് പോകാൻ. പിന്നെ വന്നാലായി വന്നില്ലെങ്കിലായി. ചിലപ്പോൾ കറന്റ് വരാൻ ദിവസങ്ങൾ തന്നെ എടുത്തെന്ന് വരാം. രാത്രി കാലങ്ങളിൽ കറണ്ട് പോയാൽ അന്ന് ഇരുട്ടിൽ തന്നെ നേരം വെളുപ്പിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്കിപ്പോൾ. ആവർത്തിച്ച് അപേക്ഷിച്ചാലും പോലും രാത്രി കാലങ്ങളിൽ ജീവനക്കാർ ഇവിടേക്ക് വരുകയോ അറ്റകുറ്റപ്പണികൾ ചെയ്യുകയോ ഇല്ലത്രെ.
കെ.എസ്.ഇ.ബി കല്ലറ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ കാര്യവും പരിതാപകരം തന്നെ. ചെറുവാളം, പരപ്പിൽ, മുതുവിള, കല്ലറ, പാങ്ങോട് തുങ്ങിയ സ്ഥലങ്ങളിലും ഭരതന്നൂർ ഓവർസിയർ ഓഫീസിന്റെ കീഴിലുള്ള ഭരതന്നൂർ പുളിക്കരകുന്ന്, കൊച്ചാലുംമൂട്, കാഞ്ചിനട, നെല്ലികുന്ന്, കൈതപ്പച്ച, വട്ടകരിക്കകം, വിയവയൽ, മൂന്ന്മുക്ക്, ചക്കമല എന്നീ പ്രദേശങ്ങളിലും കറന്റ് പോക്ക് നിത്യ സംഭവമാണ്. കല്ലറ സെക്ഷന്റെ കീഴിൽ ആറ് പഞ്ചായത്തുകളിലായി 700 കിലോമീറ്റർ ചുറ്റിലോ ടെൻഷൻ ലൈനുകളുണ്ട്. ഇവയ്കായി നൂറിലധികം ട്രാൻസ് ഫോമറുകളുമുണ്ട്. ഹൈ ടെൻഷൻ ലൈനുകളുടെ കാര്യം വേറെയും. കല്ലറ സെക്ഷന്റെ കീഴിലെ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ വൈദ്യുത തകരാറുകൾ ഉണ്ടാകുമ്പോൾ യഥാസമയും എത്തി അറ്റക്കുറ്റപ്പണികൾ നടത്താനാകില്ല. ഇതിന് പരിഹാരമായി ഭരതന്നൂരിലുള്ള ഓവർസിയർ ഓഫീസ് സെക്ഷൻ ഓഫീസായി ഉയർത്തുന്ന കാര്യം ബോർഡ് പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് ഒരു വിവരവുമില്ലാതായി.