കാട്ടാക്കട:ഒരു റോഡിന് വേണ്ടി കാണാത്ത അധികാരികളില്ല, പോകാത്ത ഓഫീസുകളും. ഒടുവിൽ റോഡാണോ തോടാണോ എന്നറിയാത്തവിധം ഈ പാത തകർന്നു.
കള്ളിക്കാട്-ആടുവള്ളി-പന്ത റോഡിനാണ് ഇത്രത്തോളം ദുരിതം അനുഭവിക്കേണ്ടിവന്നത്.
അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. റോഡിൽ ഓടയില്ലാത്തതിനാൽ മഴവെള്ളം ഒലിച്ചിറങ്ങി അപ്പാടെ ചരൽ നിറഞ്ഞു. വെള്ളം കെട്ടിനിന്ന് വൻ കുഴികളും രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ഈ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് റോഡിലെ നിത്യസംഭവമായി.എന്നാൽ ഇത്രയൊക്കെ ആയിട്ടും അധികൃതർ ആരും ഈ വഴിവരാറേയില്ല.
മഴക്കാലത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇപ്പോൾ കാൽനടയാത്രക്കാർ പോലും റോഡിലെ കുഴികളിൽ വീഴുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഉൾപ്പെടയുള്ളവർക്ക് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. പരാതിപ്പെടുമ്പോഴെല്ലാം ഉടൻ റോഡ് ടാർ ചെയ്യുമെന്ന് പറയുന്നത് മാത്രം ബാക്കി. ഇപ്പോൾ ഈ റോഡ് കാൽ നടയാത്രക്കാർക്ക് ഒരു വെല്ലുവിളിയാണ്.
നിരവധി സ്കൂൾ വാഹനങ്ങളും സ്കൂൾ ബസുകളും ഇതു വഴിയാണ് പോകുന്നത്. അടിയന്തരമായി ഈ റോഡ് നവീകരിക്കുന്നതിനോടൊപ്പം വെള്ളം ഒഴുകി പോകാനുള്ള ഓട കൂടി നിർമ്മിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്
രാത്രികാലങ്ങളിൽ കള്ളിക്കാട് - ആടുവള്ളി-പന്ത റോഡിലെ യാത്രയിൽ അപകടം പതിവായിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ ഇതുവഴി യാത്രചെയ്ത കുടുംബത്തിന്റെ കാർ റോഡിലെ കുഴിയിൽ വീണ് അപകടത്തിലായി.തുടർന്ന് കിലോമീറ്ററുകളോളം നടന്നാണ് ഇവർ പോയത്.
പി.ഡബ്ലിയു.ഡി റോഡായതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾക്ക് ഈ റോഡിൽ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ടെങ്കിലും വിനിയോഗിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.