കിളിമാനൂർ: മഴ തുടങ്ങിയിട്ട് മാസങ്ങൾ ആകുന്നു, ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾ ദുരിതത്തിലും ദാരിദ്രത്തിലേക്കും. റബർ തൊഴിലാളികൾ, തൊഴിലുറപ്പുകാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്നിവർ തൊഴിലിന് ഇറങ്ങിയിട്ട് മാസങ്ങളാകുന്നു. റബർ കർഷകരും, തൊഴിലാളികളുമാണ് ഇതിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. ആറു മാസത്തിലേറെയായി റബർ ടാപ്പിംഗ് നടത്തിയിട്ട്. വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിക്കേണ്ടിടത്ത് ഇതുവരെയും തൊഴിലിന് ഇറങ്ങാൻ തൊഴിലാളികൾക്ക് ആയിട്ടില്ല. തോരാത്ത മഴ തന്നെയാണ് കാരണം. ഓണത്തിന് ശേഷമെങ്കിലും മഴ തോർന്നു തൊഴിൽ ആരംഭിക്കാമെന്നു വച്ച് കടം വാങ്ങി ഓണം ആഘോഷിച്ചവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് യാതൊരു ഉറപ്പും ഇല്ലാതായിരിക്കുകയാണ്. ഓണത്തിന് മുൻപ് ചെയ്ത ജോലിയുടെ കൂലി പോലും ഇതു വരെ കൊടുത്തിട്ടില്ല. ഓണത്തിന് ശേഷവും പണി ചെയ്തു അതിന്റെ കൂലിയും ലഭിച്ചിട്ടില്ല. ഇപ്പോൾ മഴയായതിനാൽ തൊഴിലും ഇല്ല. ചെയ്ത ജോലിയുടെ കൂലിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ കടങ്ങൾ വീട്ടീ കുട്ടികളെ പട്ടിണിക്കിടേണ്ട അവസ്ഥയില്ലായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

തൊഴിൽ ഇല്ലാതായതോടെ വൈകുന്നേരങ്ങളിൽ പൊതു നിരത്തിൽ നിറഞ്ഞ് കണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും കാണാനില്ല. ഇത് കാരണം കച്ചവട സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. നിലവിലെ മഴ തുടർന്നാൽ പല വീടുകളിലും അടുക്കള പുകയില്ല എന്നാണ് പറയുന്നത്.