തിരുവനന്തപുരം: പ്രായം തളർത്താത്ത കേരളത്തിന്റെ വിപ്ലവസൂര്യൻ വി.എസ്.അച്യുതാനന്ദന് 96-ാം പിറന്നാൾ മധുരം. വി.എസിന്റെ ജീവിതശൈലി പോലെത്തന്നെ ലളിതമായിരുന്നു ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലെ പിറന്നാൾ ആഘോഷവും. രാവിലെ 11 ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാന്റെ ഒൗദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ ലുങ്കിയും ടീഷർട്ടുമണിഞ്ഞ് ആശംസ നേരാൻ എത്തിയവർക്കും മാദ്ധ്യമപ്രവർത്തകർക്കും മുന്നിലേക്കെത്തി. ഭാര്യ വസുമതിക്കൊപ്പം കേക്ക് മുറിച്ചു. മകൻ അരുൺകുമാറും കൊച്ചുമക്കളും മുൻമന്ത്രി എം.വിജയകുമാറും ഒപ്പമുണ്ടായിരുന്നു. ആശംസ നേരാനെത്തിയ എല്ലാവർക്കും പായസം നൽകി.
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് നേരിട്ടെത്തി പ്രിയനേതാവിന് പിറന്നാളാംശ അറിയിച്ചപ്പോൾ തിരിച്ച് പ്രശാന്തിന് വിജയാശംസ നേർന്നു.
ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ കൃഷ്ണവിഗ്രഹമാണ് പിറന്നാൾ സമ്മാനമായി നൽകിയത്. 'വിപ്ലവസൂര്യൻ വി.എസ്'ഫേസ്ബുക്ക് കൂട്ടായ്മ വി.എസിനെ പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരം സമർപ്പിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബും വി.എസിന് ഉപഹാരം നൽകി. ആശംസയർപ്പിക്കാൻ എത്തിയവരെല്ലാം വി.എസിനൊപ്പം ഫോട്ടോയെടുത്തു. യാതൊരു മുഷിപ്പുമില്ലാതെ ചിരിച്ചും കൈകൊടുത്തും വി.എസ് കാമറയ്ക്ക് മുഖം നൽകി. തൊട്ടപിന്നാലെ എം.എൽ.എമാരായ സി.ദിവാകരനും സി.കെ.ഹരീന്ദ്രനും ആശംസയർപ്പിക്കാനെത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഫോണിൽ വിളിച്ചു. പിറന്നാളാശംസ പറഞ്ഞതിനൊപ്പം വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ച കെ.സുധാകരന്റെ പരാമർശത്തിൽ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി അറിയിച്ചു. എ.കെ.ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി.എം.സുധീരൻ, പി.സി.ജോർജ് തുടങ്ങിയവരും വി.എസിനെ വിളിച്ച് പിറന്നാളാശംസ അറിയിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ കേരള ചരിത്രത്തിനൊപ്പം നടന്ന വിപ്ലവ ജീവിതത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരവധി പേർ പിറന്നാൾ ആശംസ നേർന്നു.