മുടപുരം: ജനസാന്ദ്രതയേറിയ അഴൂർ ഗ്രാമ പഞ്ചായത്തിൽ പൊതുശ്‌മശാനം സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി ഉന്നയിക്കുന്നു.18 വാർഡുകളിലായി 30000 ൽ പരം ജനങ്ങൾ വസിക്കുന്ന ഇവിടെ പൊതുശ്‌മശാനം ഇല്ലാത്തതിനാൽ നൂറ് കണക്കിന് കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഇവർക്ക് കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ തിരുവനന്തപുരത്തോ മുട്ടത്തറയിലോ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മാശാനത്തിലോ പോകേണ്ട ദുരവസ്ഥയിലാണ്. ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ കത്തും കരുതേണ്ടതുണ്ട്. 3500ൽ പരം വീടുകൾ ഉള്ള ഈ പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പൊതുശ്‌മശാനം നിർമ്മിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ നടന്നില്ല. പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വസ്തു വിട്ടു നൽകി പൊതു ശ്മശാനം സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണം. അഴൂർ പ്രാഥമികാരോഗ്യകേന്ദ്രം, ശാസ്തവട്ടം, ഗാന്ധിസ്മാരക കേന്ദ്രം തുടങ്ങി പല ഇടങ്ങളിലും സർക്കാർ ഭൂമികൾ ഗ്രാമ പഞ്ചായത്തിൽ നിലവിലുണ്ട്. അത് വിട്ടു നൽകേണ്ട നടപടി ഗ്രാമ പഞ്ചായത്ത് കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.