തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം തേടാതെയാണ് വിൽക്കാനുള്ള നീക്കം. 51ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം നിലനിറുത്തിയാണ് പൊതുമേഖലാ ഓഹരികൾ വിറ്റിരുന്നത്. എന്നാൽ ബി.പി.സി.എൽ അടക്കം അഞ്ചു കമ്പനികളുടെ ഓഹരികൾ പൂർണമായി വിൽക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 20,000 കോടിയുടെ വികസന പദ്ധതികളാണ് കൊച്ചിയിലെ ബി.പി.സി.എൽ റിഫൈനറിയിൽ നടക്കുന്നത്. റിഫൈനറിക്ക് സമീപം വൻകിട പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്. 25, 000 കോടിയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അതിനാൽ ബി.പി.സി.എൽ വിൽക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.