നെടുമങ്ങാട്: മലനാടിന്റെ സ്വപ്‍നമായ ശബരി റെയിൽപ്പാത കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച് 21 -ാം വർഷത്തിലും കടലാസിൽ ഒതുങ്ങുന്നു. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനായി പ്രധാനമന്ത്രി ആരംഭിച്ച 'പ്രഗതി" പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും റെയിൽപ്പാത നിർമ്മാണത്തിന് ജീവൻ വയ്ക്കുന്നില്ല. പ്രഖ്യാപന വേളയിൽ കണക്കാക്കിയിരുന്ന എസ്റ്റിമേറ്റ് തുക നിലവിൽ നാലിരട്ടിയായി വർദ്ധിച്ചതാണ് പാത നിർമ്മാണത്തിന് തിരിച്ചടിയായത്. നിശ്ചിത കാലയളവിൽ പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിൽ അധിക തുക ഒഴിവാക്കാമായിരുന്നു എന്നാണ് മലയോര വാസികൾ ചൂണ്ടിക്കാട്ടുന്നത്. വനഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രതിസന്ധി വിഷയങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഭൂമിയുടെ അളവ് കുറയ്ക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിനിടെ, എരുമേലി വരെ 14 സ്റ്റേഷനുകളിൽ ചുരുക്കി പദ്ധതി അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങൾ നീക്കം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളെ ഒന്നാകെ തിരുവനന്തപുരവുമായി ബന്ധപ്പെടുത്തുന്ന പാത മാത്രമേ ലാഭകരമാകൂവെന്ന് റെയിൽവേ അധികൃതരും വിലയിരുത്തിയിട്ടുണ്ട്. ആദ്യ സർവേ പ്രകാരം ഇത് ലക്ഷ്യമാക്കി അനുവദിച്ച പദ്ധതിയാണ് എസ്റ്റിമേറ്റ് തുകയുടെ പേരിൽ കടലാസിൽ ഇഴയുന്നത്.