general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ആലുവിള വാർഡിൽ കല്ലമ്പലം – ആലുവിള – വില്ലിക്കുളം റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതിരെ കോൺഗ്രസ് ബാലരാമപുരം നോർത്ത് കമ്മിറ്റി പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു പ്രതിഷേധം.

സ്കൂൾ ബസുൾപ്പെടെ ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ടാർ ചെയ്ത് രണ്ട് വർഷം തികയും മുമ്പേ ഗതാഗതയോഗ്യമല്ലാതായി മാറി . മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിൽ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ കാണാൻ കഴിയാത്തതും വാഹനയാത്രികർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡ് പണി അശാസ്ത്രീയമാണെന്നും മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡി.വിനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻ ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ആലുവിള സിജു,​ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ലാലു,​ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ,​ റാഫി എന്നിവർ സംസാരിച്ചു.