highcourt

പോത്തൻകോട്: കോടതി ഉത്തരവിന്മേൽ അയിരൂപ്പാറയിലെ യുവതിയെയും കുടുംബത്തെയും കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാളെ ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോത്തൻകോട് സർക്കിൾ ഇൻസ്‌പെക്ടർ പി.എസ്. സുജിത്ത് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് പോത്തൻകോട് അയിരൂപ്പാറ മരുതുംമൂട് ഷാഫി മൻസിലിൽ ഷാഫിയുടെ ഭാര്യ ഷംന, ആറുവയസുള്ള മകൻ റിഹാൻ ആഷിക്, ഷംനയുടെ മാതാപിതാക്കൾ എന്നിവരെ വീട്ടിൽ നിന്നു ഇറക്കിവിടുന്നതിനായി പൊലീസ് സന്നാഹം കോടതി ഉത്തരവുമായി എത്തിയത്. ഷാഫിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഷംനയുമായി ഷാഫിയുടേത് രണ്ടാം വിവാഹമായിരുന്നു. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ ഷാഫി മൂന്നാമത് വീണ്ടും വിവാഹം കഴിക്കുകയും ഷംനയെയും മകനെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ ഷംന കുടുംബ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് ഷാഫിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. നിർദ്ധനയായ യുവതിയുടെയും കുടുംബത്തിന്റെയും നിസഹായാവസ്ഥ കണക്കിലെടുത്ത് പിന്തുണയുമായി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും നാട്ടുകാരും പ്രതിഷേധ സമരവുമായി രംഗത്തെത്തിയതോടെ ഉത്തരവ് നടപ്പിലാക്കാനാവാതെ പൊലീസ് പിൻവാങ്ങുകയായിരുന്നു.