sreepadman

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് മുന്നോടിയായി മുളയിട് പൂജയ്ക്കുള്ള മണ്ണുനീർ കോരൽ ചടങ്ങ് നടന്നു. പടിഞ്ഞാറേ നടയിലുള്ള മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്ന് ഇന്നലെ സന്ധ്യയ്ക്ക് മണ്ണുനീർ കോരിയതോടെ ഉത്സവത്തിന് കേളിയുയർന്നു. 26ന് ഉത്സവത്തിന് കൊടിയേറും.
ദ്രവ്യകലശത്തിനുള്ള ധാന്യങ്ങൾ മുളപ്പിക്കുന്നതിനാണ് ഉത്സവത്തിന് ഏഴുനാൾ മുൻപ് മണ്ണുനീർ കോരുന്നത്. ഇന്നലെ സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ പാണിവിളക്കും സ്വർണനിർമിതമായ ശ്രീഭണ്ഡാരക്കുടവും വച്ച് കാർമികൻ ആഴാതി ഗണേശയ്യർ സ്വർണക്കുടവുമെടുത്ത് കൊടിമരമണ്ഡപം വഴി പ്രദക്ഷിണമായി പടിഞ്ഞാറേ നടയിലൂടെ പുറത്തുകടന്ന് കുളത്തിൽ മുങ്ങി മണ്ണുനീർ കോരി ക്ഷേത്രത്തിലെത്തിച്ചു. പിന്നീട് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് മുളയറപ്പുരയിലെ മുളപാലികയിൽ മണ്ണുംനീരും നിറച്ച് നവധാന്യം വിതറി. കൊടിയേറ്റ് ദിവസം രാവിലെ വീണ്ടും മണ്ണുനീർ കോരി ഒരിക്കൽ കൂടി മുളയിടും. ദിവസ പൂജകൾക്ക് ശേഷം മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും. ഭരണസമിതിയംഗം എസ്. വിജയകുമാർ, ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യം എസ്. നാരായണ അയ്യർ തുടങ്ങിയവർ നേതൃത്വം നൽകി.
25ന് ബ്രഹ്മകലശപൂജയും അഭിഷേകവും നടക്കും. 26ന് രാവിലെ 9നാണ് കൊടിയേറ്റ്. നവംബർ 2ന് രാത്രി 8.30ന് വലിയകാണിക്ക. 3ന് രാത്രി 8.30ന് പള്ളിവേട്ട. 4ന് വൈകിട്ട് ശംഖുംമുഖത്തേക്ക് ആറാട്ട് ഘോഷയാത്ര. ആറാട്ടിന് ശേഷം രാത്രി കൊടിയിറക്കും. 5ന് ആറാട്ട് കലശം നടക്കും. ഉത്സവദിവസങ്ങളിൽ തുലാഭരണമണ്ഡപം, നൃത്തമണ്ഡപം എന്നിവിടങ്ങളിൽ സംഗീതക്കച്ചേരിയും ക്ഷേത്രകലകളും അരങ്ങേറും. നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളി ഉണ്ടായിരിക്കും.