annapade

മലയിൻകീഴ്: അണപ്പാട് -ചീനിവിള പാലത്തിന്റെ കരിങ്കൽകെട്ട് തകർന്ന് തോട്ടിൽ വീണു. ആറ് മാസം മുൻപാണ് തകർന്ന ഭാഗത്ത് പുതിയതായി കരിങ്കല്ല് കെട്ടിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നപ്പോഴേ കരിങ്കൽകെട്ടിന് ബലക്ഷയമുണ്ടാകുമെന്ന് നാട്ടുകാർ കരാറുകാരനെ അറിയിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ തയാറാകാതെയാണ് കുഴയ്ക്കാട് തോടിന് കുറുകെയുള്ള പാലത്തിനരികിൽ കരിങ്കല്ല് കെട്ടിയത്. ഈ ഭാഗത്ത് നിന്നാണ് ബണ്ട് റോഡും ആരംഭിക്കുന്നത്. പാലത്തിനരികിലായി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ അടുത്തിടെ മഴയിൽ തകർന്ന് റോഡിലേക്ക് പതിയ്ക്കുന്ന നിലയിലായപ്പോൾ കെ.എസ്.ഇ.ബി.അധികൃതരെത്തി ട്രാൻസ്ഫോർമാർ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ആ ഭാഗത്ത് കെട്ടിയ കരിങ്കൽ കെട്ടാണ് ഇപ്പോൾ തകർന്നത്. ജീർണ്ണാവസ്ഥയിലായ അണപ്പാട് -ചീനിവിള റോഡിലെ ഇടുങ്ങിയ പാലത്തിന്റെ കൈവരി രണ്ട് വർഷത്തിനുള്ളിൽ ആറ് പ്രാവശ്യം തകർന്നിട്ടുണ്ട്. നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് കൈവരി തകർന്നത് അറ്റകുറ്റ പണി ചെയ്ത് മൂന്ന് മാസം കഴിയും മുമ്പേ ലോറി ഇടിച്ച് തകർന്നിരുന്നു. ഭീതിയോടെയാണ് ഇതുവഴി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത്. അടുത്തിടെ റോഡ് റീ-ടാറിംഗ് നടത്തി നവീകരിച്ചതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. അണപ്പാട്-ചിനിവിള പാലം പുതിയതായി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.