ചിറയിൻകീഴ്: യുദ്ധരംഗത്തെ ധീരതയ്‌ക്ക് രാജ്യം വീർചക്ര ബഹുമതി നൽകി ആദരിച്ച സുബേദാർ മേജർ ഓണററി ക്യാപ്‌ടൻ രാമസ്വാമി ചെട്ടിയാർക്ക് (76) നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം ഇ.സി.എച്ച്.എസ്, ജില്ലാ സൈനിക് ബോർഡ് സ്റ്റേഷൻ കമാൻഡർ എന്നിവരുടെ പ്രതിനിധികൾ അഴൂർ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷന് സമീപമുള്ള അയണിവിളാകം വീട്ടിലെത്തി രാമസ്വാമി ചെട്ടിയാർക്ക് ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള നിരവധിപേർ രാമസ്വാമിക്ക് ആദരാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു.
1971ലെ ഇന്ത്യാ - പാക് യുദ്ധത്തിൽ പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചുവീഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായത്. അന്നത്തെ രാഷ്ട്രപതി വി.വി ഗിരി രാമസ്വാമിക്ക് ബഹുമതി നൽകി ആദരിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരനും രാമസ്വാമിയെ ആദരിച്ചു.
ആർട്ടിലറി ഡിഫൻസ് വിംഗിൽ എയർ ഡിവിഷനിൽ ജൂനിയർ എൻജിനിയറായിരിക്കെയാണ് രാമസ്വാമിയുടെ ധീരത ലോകമറിഞ്ഞത്. വിമാനവേധ തോക്കുകൾ കൈകാര്യം ചെയ്യുന്ന ആറംഗങ്ങളുള്ള യൂണിറ്റിന്റെ ചുമതലയായിരുന്നു രാമസ്വാമിക്ക്.
ഭാര്യ: രാജമ്മ. മക്കൾ: അനിൽകുമാർ, ഉഷാകുമാരി, ബീന. മരുമക്കൾ: രഞ്ജിനി, സുരേഷ്ബാബു, പരേതനായ പ്രകാശൻ.