കല്ലമ്പലം. പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ​ഗർഭിണിയാക്കിയ കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. ചെമ്മരുതി പനയറ കുന്നത്തുമല ചരുവിളവീട്ടിൽ സാരം​ഗ് (20) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പതിനാറുകാരിയായ പെൺകുട്ടി പ്ലസ് ടു പഠനത്തിനൊപ്പം തയ്യൽ പഠനവും നടത്തുന്നുണ്ട്. തയ്യൽ ക്ലാസിന് പോകുന്നതിനിടെ പെൺകുട്ടി സാരംഗുമായി പ്രണയത്തിലായി. തയ്യൽക്ലാസ് കഴിഞ്ഞു വന്ന പെൺകുട്ടിയെ ബൈക്കിൽ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിക്ക് കലശലായ വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്‌ സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈനിൽ നിന്നുള്ള പരാതിയെ തുടർന്ന് കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ആനൂപ് ആർ. ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ.എസ്.അനിൽ, സക്കീർ ഹുസൈൻ, എ.എസ്.ഐമാരായ സനൽ, രാധാകൃഷ്ണൻ, വനിതാ പൊലീസ് ഓഫീസർ ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ റിമാൻഡ് ചെയ്തു.