crowd-

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം എന്ന നിലയ്ക്ക് ശ്രദ്ധേയമായ വട്ടിയൂർക്കാവ് ഇന്ന് ബൂത്തിലേക്ക്. മൂന്നു മുന്നണികളും അരയും തലയും മുറുക്കിയുള്ള പ്രചാരണത്തിനു ശേഷമാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലം നിലനിറുത്തുകയെന്ന അഭിമാന പോരാട്ടം ലക്ഷ്യം വച്ചായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും, തങ്ങൾക്ക് ശക്തമായ വോട്ട് ബാങ്ക് അടിത്തറയുള്ള മണ്ഡലത്തെ തിരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാനായി എൻ.ഡി.എയും ശക്തമായ പ്രചാരണമാണ് നടത്തിയത്. പരമാവധി വോട്ടർമാരെ കണ്ടും വോട്ട് ഉറപ്പിച്ചും ഇന്നലെ നിശബ്ദ പ്രചാരണത്തിലും മുൻതൂക്കം നിലനിറുത്താൻ സ്ഥാനാർത്ഥികൾ പരിശ്രമിച്ചു. ഇനി ബൂത്തിലേക്ക്. മോക് പോളിംഗ് രാവിലെ 5.30ന് ആരംഭിക്കും. ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് സമയം.


മുന്നൊരുക്കങ്ങൾ പൂർണം

ഉപതിരഞ്ഞെടുപ്പിനായുള്ള മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. വോട്ടർമാരുടെ എണ്ണത്തിൽ ഇരട്ടിപ്പ് കണ്ടെത്തിയതിനാൽ കള്ളവോട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി കളക്ടർ വ്യക്തമാക്കി.

മണ്ഡലത്തിലെ 48 ബൂത്തുകൾ പ്രശ്നബാധിത സാദ്ധ്യതയുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 37 ബൂത്തുകളിൽ വെബ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 11 ബൂത്തുകൾ നിരീക്ഷണത്തിലാണ്. മൊത്തം 168 ബൂത്തുകളാണുള്ളത്. ഇതിൽ 20 ബൂത്തുകൾ മാതൃകാ പോളിംഗ് സ്റ്റേഷനുകളാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ വോട്ടർമാരെ മധുരം നൽകി സ്വീകരിക്കും. ക്യൂ നിൽക്കാതെ വോട്ടർമാർക്ക് ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വോട്ടർമാരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകളും മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും ഉണ്ടായിരിക്കും.
പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാവും തിരഞ്ഞെടുപ്പ് നടക്കുക. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ആവശ്യമായ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ദ്രുത പ്രതികരണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വോട്ട് ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടെ ചിഹ്നം മാറിപ്പോകുന്നു എന്നതടക്കം വോട്ടിംഗിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.

പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീൻ അടക്കമുള്ള സാമഗ്രികൾ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽനിന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി.

തിരിച്ചറിയൽ രേഖ ഇവ

വോട്ടർ ഐ.ഡിക്കു പകരം പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച സർവീസ് ഐ.ഡി, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, ആധാർകാർഡ്, എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ ഡോക്യുമെന്റ്, എം.പി.എസ് നൽകുന്ന ഔദ്യോഗിക ഐ.ഡി, ആധാർ കാർഡ്, ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡ് എന്നിങ്ങനെ 11 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.


1,97,570 വോട്ടർമാർ

വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 1,03,241 പേർ പുരുഷന്മാരും 94,326 പേർ സ്ത്രീകളുമാണ്. 298 ഭിന്നശേഷി വോട്ടർമാരും 375 സർവീസ് വോട്ടർമാരും 20 വി.ഐ.പി വോട്ടർമാരും മണ്ഡലത്തിലുണ്ട്.