ksrtc

വെള്ളറട: വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോക്കുമുകളിലേക്ക് ആഞ്ഞിലിമരം കടപുഴകി വീണു. കഴിഞ്ഞ ദിവസം 5 മണിയോടെ കോരിച്ചൊരിഞ്ഞ മഴയിലാണ് വെള്ളറട ഡിപ്പോയുടെ കോമ്പൗണ്ടിനു പുറത്തു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പടുകൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണത്.പാർക്കുചെയ്തിരുന്ന രണ്ടുബസ്സുകൾക്ക് സാരമായ തകരാറുകൾ സംഭവിച്ചു. മഴകാരണം ആരും തന്നെ അപകടസ്ഥലത്തുണ്ടാകാതിരുന്നതിനാൽ ആളപായം ഒഴിവായി. പാറശാല, നെയ്യാർഡാം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സെത്തി മരം മുറിച്ചു മാറ്റി.

 കോവില്ലൂർ തോട് കരകവിഞ്ഞ് സമീപത്തെ വീട് മുങ്ങി
വെള്ളറട: ശക്തമായ മഴയിൽ കോവില്ലൂർ തോട് കരകവിഞ്ഞൊഴുകി സമീപത്തെ വീട്ടിലേക്കു വെളളം ഇരച്ചു കയറി. കോവില്ലൂർ മൂന്നാറ്റുമുക്കിൽ ഷാജിയുടെ വീട്ടിലാണ് വെള്ളം കയറിയത്. വീട് അപകടാവസ്ഥയിലാണ്. ഷാജിയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ സ്ഥിതി വഷളാവാനാണ് സാദ്ധ്യത. മീതിയിലെ കൃഷിയിടങ്ങളിലേക്കു തോട്ടിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുകയാണ്.