ചിറയിൻകീഴ്: ഇനി പാലും എ.ടി.എമ്മിലൂടെ ലഭിക്കും. വാർത്ത കേട്ട് ഞെട്ടേണ്ട. സംഭവം സത്യമാണ്. മിൽകോയുടെ നേതൃത്വത്തിലാണ് എ.ടി.എമ്മിലൂടെ പാൽവിതരണം ചെയ്യാനൊരുങ്ങുന്നത്. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിലാണ് ആറ്റിങ്ങലിൽ മിൽക്ക് എ.ടി.എം സ്ഥാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആദ്യത്തെ മിൽക്ക് എ.ടി.എമ്മിനാണ് തുടക്കമാകുന്നത്. 24 മണിക്കൂറും എ.ടി.എമ്മിലൂടെ പാൽ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. ഉപഭോക്താക്കൾക്ക് കാർഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാൽ വാങ്ങാം. പാൽ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കരുതണം എന്നുമാത്രം.
കൊച്ചു കുട്ടികൾക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് എ.ടി.എം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മിൽകോ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറ്റിങ്ങൽ വീരളം ജംഗ്ഷന് സമീപമാണ് മിൽക് എ.ടിഎം സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 23ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.രാജു നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ കിടാരി വളർത്തൽ പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായ മിൽകോയുടെ കിടാരി പാർക്കിലൂടെ വളർത്തിയെടുത്ത കിടാരികളുടെ ആദ്യവില്പനയും മന്ത്രി നിർവഹിക്കും. ജൈവ ഫീഡ് ആൻഡ് ഫോഡർ കിറ്റിന്റെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പിയും മിൽക് എ.ടി.എമ്മിലൂടെയുള്ള ആദ്യവില്പന ബി.സത്യൻ എം.എൽ.എയും നിർവഹിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന മാരക രാസപദാർത്ഥങ്ങൾ കലർത്തിയ പാൽ ഒഴിവാക്കി സ്വന്തം നാട്ടിലെ കർഷകർ ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാൽ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിൽക്ക് എ.ടി.എമ്മിന് തുടക്കം കുറിക്കുന്നത്.
--പഞ്ചമം സുരേഷ്, മിൽകോ പ്രസിഡന്റ്
അനിൽകുമാർ, സെക്രട്ടറി
എ.ടി.എമ്മിന്റെ സംഭരണ ശേഷി: 500 ലിറ്റർ
പണം ഉപയോഗിച്ചോ മിൽകോ നൽകുന്ന കാർഡ് ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് എ.ടി.എമ്മിലൂടെ പാല്‍ വാങ്ങാം. കാർഡിൽ പണം നിറയ്ക്കാനും എ.ടി.എമ്മിലൂടെ സാധിക്കും. മിൽക്ക് കാർഡിൽ ഒറ്റത്തവണ 1500 രൂപയോ അതിൽ കൂടുതലോ ചാർജ് ചെയ്താൽ മിൽകോയുടെ ഒരു ലിറ്റർ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും.