വിഴിഞ്ഞം: വെള്ളായണി കായലിൽ വെള്ളത്തിനടിയിലായ പട്ടയഭൂമിക്ക് നാളിതുവരെ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിൽ. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമടങ്ങുന്ന കമ്മിറ്റി തീരുമാനമെടുത്തിട്ടും നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചില്ലെന്നാണ് പരാതി. കർഷകരുടെ കൈവശഭൂമിയും വെള്ളായണി കാർഷിക കോളേജിന്റെ അധീനതയിലുള്ള 400 ഏക്കർ ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലം ഇൻസെന്റീവ് നൽകി കർഷകർക്ക് പുഞ്ചക്കൃഷിക്ക് നൽകിയിരുന്നെങ്കിലും വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നതിന് തടസം നേരിട്ടു. അതോടെ പട്ടയമുള്ള കൃഷിഭൂമി വെള്ളം കയറി. ഇതോടെ പുഞ്ചക്കർഷകരും വസ്തു ഉടമകളും വെള്ളായണി പാടശേഖര - കായൽ സംരക്ഷണ സമിതി രൂപീകരിച്ചു. ഈ പട്ടയ ഭൂമികൾ സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു. തുടർന്ന് സി.ഡബ്ലിയു.ഡി. ആർ.ഡി.എം വെള്ളായണി കായൽ സംരക്ഷണം സംബന്ധിച്ച് മാനേജ്മെന്റ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കി പരിസ്ഥിതി വകുപ്പിന് നൽകി. വിശദമായ പഠന ശേഷം പരിസ്ഥിതി വകുപ്പ് ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം പട്ടയഭൂമിയുടെ അക്വിസിഷനു വേണ്ടി വരുന്ന 105 കോടി രൂപ ഉൾപ്പെടെ കായൽ സംരക്ഷണത്തിനായി 167.35 കോടി രൂപ വകയിരുത്തണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സർക്കാരിന് ഇത്രയും തുക കണ്ടെത്താൻ കഴിയാത്തതിനാലാണ് നഷ്ടപരിഹാരം വൈകുന്നതെന്ന് കർഷകർ തന്നെ പറയുന്നു. കർഷകരുടെ 87.19 ഹെക്ടർ കൃഷിഭൂമി വെള്ളം കയറി ഉപയോഗശൂന്യമായതായും പ്രസ്തുത ഭൂമി നിലവിൽ 626 കുടുംബങ്ങളുടെ കൈവശമാണെന്നും അന്നത്തെ യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കൃഷിയിറക്കാൻ കഴിയാത്ത കർഷകരുടെ ഭൂമി ന്യായമായ പ്രതിഫലം നൽകി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം സർവേ ചെയ്ത് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി വേലി കെട്ടി അതിരുകൾ അടയാളപ്പെടുത്താനും കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. വെള്ളായണി കായൽ ഏറ്റെടുക്കൽ കിഫ്ബിയിൽ ഉൾപ്പെടുത്തി എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉയരുകയാണ്.