തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ പരമാവധി വോട്ടർമാരെ കാണാനും വോട്ടുറപ്പിക്കാനുമുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ. തങ്ങൾക്ക് മേൽക്കൈ ഉള്ള സ്ഥലങ്ങളിൽ ഒരുവട്ടം കൂടിയെത്താനും ആരാധനാലയങ്ങളിൽ പോകാനുമായി സ്ഥാനാർത്ഥികൾ നിശബ്ദ പ്രചാരണ ദിനം ഉപയോഗിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. കെ. മോഹൻകുമാർ വാഴോട്ടുകോണം, വട്ടിയൂർക്കാവ്, നെട്ടയം, മലമുകൾ, മുട്ടട, മുക്കോല, പേരൂർക്കട എന്നിവിടങ്ങളിലെ വിവിധ ക്രിസ്തീയ ആരാധനാലയങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് കാവല്ലൂർ മധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുത്തു. മണ്ഡലത്തിലെ മരണ വീടുകൾ സന്ദർശിച്ച് അനുശോചനമറിയിച്ചു. കുടപ്പനക്കുന്ന് ഭദ്രകാളി ദേവീക്ഷേത്രത്തിലെ ചണ്ഡികാ യാഗത്തിലും പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം വ്യക്തികളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ട് ചോദിച്ചു. വൈകുന്നേരം വട്ടിയൂർക്കാവിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. രാത്രി വൈകി പേരൂർക്കടയിലെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി ചേർന്ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്.
പാളയം ക്രിസ്ത്യൻ പള്ളിയിലെത്തി വോട്ടഭ്യർത്ഥിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് നിശബ്ദ പ്രചാരണം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലെത്തി ജന്മദിനാശംസകൾ നേർന്നു. തുടർന്ന് നടൻ നെടുമുടി വേണുവിന്റെ കുന്നുംപാറയിലെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. തുടർന്ന് കേരളകൗമുദിയിലെത്തി പത്രാധിപർ കെ. സുകുമാരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പിന്നീട് മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു.
എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് കനകക്കുന്നിലും മ്യൂസിയത്തിലുമെത്തി പ്രഭാത നടത്തക്കാരോടൊപ്പം സഞ്ചരിച്ചാണ് നിശബ്ദ പ്രചാരണം ആരംഭിച്ചത്. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച സുരേഷ് തനിക്ക് വോട്ട് ചെയ്യണമെന്നും ഓർമ്മിപ്പിച്ചാണ് മടങ്ങിയത്. രാവിലെ ഉദിയന്നൂർ ദേവീക്ഷേത്ര ദർശനം നടത്തിയ ശേഷം കദളിപ്പഴം കൊണ്ട് തുലാഭാരവും നടത്തി. കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തി. നെട്ടയം, വാഴോട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിൽ ഭവന സന്ദർശനം. ഉച്ചയ്ക്ക് ശേഷം പട്ടം പ്രദേശത്ത് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.