rohit-double-century
rohit double century

റാഞ്ചി : പെയ്തിട്ടും പെയ്തിട്ടും തീരാത്ത പെരുമഴപോലെ ടെസ്റ്റ് ക്രിക്കറ്റിലെ ഒാപ്പണറായുള്ള അരങ്ങേറ്റ പരമ്പര സെഞ്ച്വറികളാൽ നിറച്ച് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാൻ. രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ നടക്കുന്ന മൂന്നാംടെസ്റ്റിൽ ഇരട്ട സെഞ്ച്വറി (212) നേടിയ രോഹിത് ശർമ്മ നിരവധി റെക്കാഡുകൾ സ്വന്തംപേരിൽ എഴുതിച്ചേർക്കുകകൂടി ചെയ്തു. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുള്ള രോഹിതിന്റെ ടെസ്റ്റിലെ ആദ്യ ഇരട്ട ശതകമാണിത്. രോഹിതിനൊപ്പം നാലാം വിക്കറ്റിൽ 267 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും സെഞ്ച്വറി നേടുകയും ചെയ്ത അജിങ്ക്യ രഹാനെയും (115) , അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയും (51), 10 പന്തുകളിൽ അഞ്ച് സിക്‌സടക്കം 31 റൺസടിച്ച ഉമേഷ് യാദവും ചേർന്ന് റാഞ്ചി ടെസ്റ്റിൽ ഇന്ത്യയെ ഭദ്രമാക്കി. 497/9 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ഇന്ത്യയ്ക്കെതിരെ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇരുട്ടും മഴയും കാരണം കളി നേരത്തെ നിറുത്തേണ്ടിവന്നപ്പോൾ ഒൻപത് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായപ്പോൾ സന്ദർശകർ മൂന്നാമതൊരു തോൽവികൂടി മുന്നിൽക്കാണുകയാണ്.

ആദ്യദിനം 39/3 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോൾ ക്രീസിലൊരുമിച്ച രോഹിതും അജിങ്ക്യയും രണ്ടാംദിനം 224/3 എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്നലെ രാവിലെ 83 റൺസുമായി ഇറങ്ങിയ രഹാനെ തന്റെ കരിയറിലെ 11-10 ടെസ്റ്റ് സെഞ്ച്വറി തികച്ചശേഷം ലഞ്ചിന് മുമ്പ് പുറത്തായി. 192 പന്തുകൾ നേരിട്ട രഹാനെ 17 ഫോറുകളും ഒരു സിക്സും പറത്തി.

തുടർന്ന് ജഡേജയെകൂട്ടി രോഹിത് ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങി. ലഞ്ചിന് തൊട്ടുമുമ്പുള്ള ഒാവറിൽ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട രോഹിത് ലഞ്ചിന് പിരിയുമ്പോൾ 199 റൺസിലായിരുന്നു. ലഞ്ചിന് ശേഷം സിക്സറിലൂടെയാണ് ഇരട്ട സെഞ്ച്വറിയിലെത്തിയത്. തലേന്ന് രോഹിത് സെഞ്ച്വറിയിലെത്തിയതും സിക്സ് പറത്തിയാണ്.

എന്നാൽ അധികനേരം കഴിയുംമുമ്പ് രോഹിത് കൂടാരം കയറി. 255 പന്തുകളിൽ 28 ബൗണ്ടറികളും ആറ് സിക്സുകളും പറത്തിയ രോഹിതിനെ റബാദയുടെ പന്തിൽ എൻഗിഡി പിടികൂടുകയായിരുന്നു. തുടർന്ന് സാഹ (24), ജഡേജ, അശ്വിൻ (14) എന്നിവർ പുറത്തായതോടെ ഇന്ത്യ 8-464 എന്ന നിലയിലായി. വാലറ്റക്കാരൻ ഉമേഷ് യാദവ് കണ്ണും പൂട്ടി അഞ്ച് സിക്സുകൾ പറത്തി തന്റെ കരിയറിലെ ഉയർന്ന സ്കോറായ 31 റൺസുമായി കൂടാരം കയറി. 497/9 ൽ ചായയ്ക്ക് പിരിഞ്ഞപ്പോൾ കൊഹ്‌ലി ഡിക്ളയറിംഗും നടത്തി.

ചായയ്ക്ക് ശേഷം മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഒാവറിൽ എൽഗാറിനെയും (0) രണ്ടാം ഒാവറിൽ ഡി കോക്കിനെയുമാണ് നഷ്ടമായത്. എൽഗാറിനെ ഷമിയും ഡികോക്കിനെ ഉമേഷും സാഹയുടെ കൈയിലെത്തിക്കുകയായിരുന്നു. സുബൈർ ഹംസയും (0) ക്യാപ്ടൻ ഡുപ്ളെസിയുമാണ് (1) കളി നേരത്തെ നിറുത്തുമ്പോൾ ക്രീസിൽ.

529

റൺസാണ് ഇൗ പരമ്പരയിൽ ഇതുവരെ രോഹിത് നേടിയിരിക്കുന്നത്. ഒരു പരമ്പരയിൽ 500 ലേറെ റൺസ് സ്കോർ ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ഒാപ്പണറാണ് രോഹിത്.

2005 ൽ സെവാഗിന് ശേഷം (544) ഒരു ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ഒാപ്പണറുടെ ഏറ്റവും ഉയർന്ന സമ്പാദ്യം.

കൊഹ്‌ലി (610), സെവാഗ് (544), ഗാംഗുലി (534), രോഹിത് (529), ലക്ഷ്മൺ (503) എന്നിവരാണ് ഒരു മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ.

3

ഇരട്ട സെഞ്ച്വറികളാണ് ഇൗ പരമ്പരയിൽ ഇന്ത്യൻ താരങ്ങൾ നേടിയത്. വിശാഖപട്ടണത്ത് മായാങ്ക് അഗർവാൾ (215), പൂനെയിൽ വിരാട് കൊഹ്‌ലി (254 നോട്ടൗട്ട്) എന്നിവരാണ് നേരത്തെ ഇരട്ട സെഞ്ച്വറി നേടിയത്.

ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ഒരു പരമ്പരയിൽ രണ്ടിലേറെ ഇരട്ട സെഞ്ച്വറിക്കാരുണ്ടാകുന്നത്.

19

സിക്സുകളാണ് രോഹിത് ഇൗ പരമ്പരയിൽ നേടിയത്. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന ഷിമ്രോൺ ഹെറ്റ്‌മേയറുടെ (15), റെക്കാഡ് ആദ്യദിനത്തിൽ തന്നെ രോഹിത് മറികടന്നിരുന്നു.

രോഹിതിന്റെ അവസാന 9 ഹോം ടെസ്റ്റ് ഇന്നിംഗ്സുകളിലെ സ്കോർ ഇങ്ങനെ

82 നോട്ടൗട്ട്, 51 നോട്ടൗട്ട്, 102 നോട്ടൗട്ട്, 65, 50 നോട്ടൗട്ട്, 176, 127, 14, 212.

1978 ൽ ഗാവസ്‌കർക്ക് ശേഷം ഒരു ഇന്ത്യൻ ഒാപ്പണർ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ നേടുന്നത് ഇതാദ്യം.

ഒരു പരമ്പരയിൽ രണ്ടിലേറെ സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഒാപ്പണറാണ് രോഹിത്. ഗാവസ്‌കർ ഇൗ നേട്ടം മൂന്ന് തവണ കരസ്ഥമാക്കിയിട്ടുണ്ട്.

ബ്രാഡ്‌മാനും മേലെ

ഹിറ്റ്‌മാൻ

റാഞ്ചിയിൽ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ് മാന്റെ 71 കൊല്ലം പഴക്കമുള്ള ബാറ്റിംഗ് ശരാശരി റെക്കാഡ് തകർത്ത് രോഹിത് ശർമ്മ.

ഹോം മാച്ചുകളിലെ ബാറ്റിംഗ് ശരാശരിയിലാണ് രോഹിത് ബ്രാഡ്മാനെ മറികടന്നത്.

99.22 ആണ് ഹോം ടെസ്റ്റുകളിലെ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി.

ഇന്നലത്തെ ഇരട്ട സെഞ്ച്വറിയോടെ രോഹിതിന്റെ ഹോം ടെസ്റ്റ് ബാറ്റിംഗ് ശരാശരി 99.84 ലെത്തി.

പൂനെയിൽ രോഹിത് ബ്രാഡ്മാന്റെ ശരാശരിക്ക് ഒപ്പമെത്തിയിരുന്നു.

ടെസ്റ്റിൽ ഇരട്ട സെഞ്ച്വി തികയ്ക്കും മുമ്പ് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്.

ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് (264) ഉടമയാണ് രോഹിത്.

സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : മായാങ്ക് സി.എൽ ഗാർ ബി റബാദ 10, രോഹിത് ബി എൻഗിഡി ബി റബാദ 212, പുജാര എൽ.ബി.ബി റബാദ 0, കൊഹ്‌ലി എൽ.ബി.ബി നോർജേ 12, രഹാനെ സിക്ളാസൻ ബി ലിൻഡെ 115, ജഡേജ സിക്ളാസൻ ബി ലിൻഡെ 51, സാഹ ബി ലിൻഡെ 24, അശ്വിൻ സ്റ്റംപ്ഡ് ക്ളാസൻ ബി പീറ്റ് 14, ഉമേഷ് യാദവ് സി ക്ളാസൻ ബി ലിൻഡെ 31, നദീം നോട്ടൗട്ട് 1, ഷമി നോട്ടൗട്ട് 10, എക്സ്ട്രാസ് 17, ആകെ 116.3 ഒാവറിൽ 497/9 ഡിക്ളെഡ്.

വിക്കറ്റ് വീഴ്ച 1-12 (മായാങ്ക്), 2-16 (പുജാര), 3-39 (കൊഹ്‌‌ലി), 4-306 (രഹാനെ), 5-370 (രോഹിത്), 6-412 (സാഹ), 7-450 (ജഡേജ), 8-464 (അശ്വിൻ), 9-482 (ഉമേഷ്).

ബൗളിംഗ് : റബാദ 23-7-85-3, എൻഗിഡി 20-5-83-0, നോർജേ 24.3-5-79-1, ലിൻഡെ 31-2-133-4, പീറ്റ് 18-3-101-1.

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ്: എൽഗാർ സി സാഹ ബിഷമി 0, ഡി കോക്ക് സി സാഹ ബി ഉമേഷ് 4, സുബൈർ ഹംസ നോട്ടൗട്ട് 0, ഡുപ്ളെസി നോട്ടൗട്ട് 1, എക്സ്ട്രാസ് 4, ആകെ 5 ഒാവറിൽ 9/2.