പോത്തൻകോട് : ചേങ്കോട്ടുകോണത്ത് പാർശ്വഭിത്തിയില്ലാത്ത കിണറിൽ വീണ നിർമാണ തൊഴിലാളികളെ കഴക്കൂട്ടം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചേങ്കോട്ടുകോണം കുന്നത്ത് വീട്ടിൽ അജയകുമാർ (55), പേരൂർക്കട ഇന്ദിരാജി നഗറിൽ ശിവൻനായർ (50) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. സ്വാമിയാർ മഠത്തിനു സമീപം സംഗീത് നഗറിൽ നിർമ്മിക്കുന്ന വീട്ടിൽ പണിക്കെത്തിയവരാണ് ഇവർ. ഈ വീടിന് സമീപത്തെ പാർശ്വഭിത്തിയില്ലാത്ത കിണറ്റിലാണ് ഇരുവരും വീണത്. ഒപ്പമുണ്ടായിരുന്ന മൂന്നാമന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർകെട്ടി രക്ഷാപ്രവർത്തനം നടത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇരുവരെയും മുകളിലെത്തിച്ചു. കിണറിന് നല്ല താഴ്ചയുണ്ടെങ്കിലും വെള്ളം കുറവായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.