ക്രിസ്റ്റ്യാനോയ്ക്ക് ഗോൾ,
യുവന്റസിന് ജയം
ടൂറിൻ : സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മിറാലെം പ്യാനിച്ചിന്റെയും ഗോളുകളുടെ മികവിൽ ബൊളോഞ്ഞയെ 2-1ന് തകർത്ത യുവന്റസ് ഇറ്റാലിയൻ സെരി എയിലെ ഒന്നാംസ്ഥാനം സുരക്ഷിതമാക്കി.
19-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്. ഇൗ സീസണിൽ യുവന്റസിന്റെ തുടർച്ചയായ നാലാം മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ ഗോളായിരുന്നു ഇത്. എന്നാൽ 26-ാം മിനിട്ടിൽ ഡാനിലോയിലൂടെ ബൊളോഞ്ഞ കളി സമനിലയിലാക്കി. 54-ാം മിനിട്ടിലാണ് പ്യാനിച്ച് യുവയ്ക്ക് വിജയം നൽകിയ ഗോൾ നേടിയത്.
ഇൗ വിജയത്തോടെ യുവന്റസിന് എട്ട് മത്സരങ്ങളിൽ നിന്ന് 22 പോയിന്റായി. 21 പോയിന്റുള്ള ഇന്റർമിലാനാണ് രണ്ടാംസ്ഥാനത്ത്.
സ്പാനിഷ് ലാലിഗ
റയലിന് ആദ്യ തോൽവി,
ബാഴ്സലോണ ഒന്നാമത്
മാഡ്രിഡ് : ഇൗ സീസൺ ലാലിഗയിലെ ആദ്യ തോൽവി മയ്യോർക്കയിൽ നിന്ന് ഏറ്റുവാങ്ങിയ റയൽ മാഡ്രിഡിന് സ്പാനിഷ് ലാലിഗയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടമായി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മയ്യോർക്ക ഏഴാം മിനിട്ടിൽ ലാഗോ ജൂനിയർ നേടിയ ഏക ഗോളിനാണ് റയലിനെ തകർത്തത്. ഒൻപത് കളികളിൽ നിന്ന് 19 പോയിന്റുള്ള ബാഴ്സലോണയാണ് ലീഗിൽ മുന്നിൽ. റയലിന് 18 പോയിന്റേയുള്ളൂ.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
സിറ്റി വീണ്ടും വിജയ വഴിയിൽ
ലണ്ടൻ : കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്രിമിയർലീഗിലെ രണ്ടാംസ്ഥാനത്ത് തുടരുന്നു. 39-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസും 41-ാം മിനിട്ടിൽ ഡേവിഡ് സിൽവയുമാണ് സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തത്. ഇതോടെ സിറ്റിക്ക് 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റായി. ആദ്യ എട്ട് കളികളും ജയിച്ച് 24 പോയിന്റുള്ള ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്.
വിനൂ മങ്കാദ് ട്രോഫി:
കേരളത്തിന് ജയം
ഗോഹട്ടി: വിനൂ മങ്കാദ് അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് 42 റൺസ് ജയം. ആദ്യം ബാറ്റ്ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസടിച്ചു. കേരളത്തിനായി ആദിദേവ് (53), നായകൻ വരുണ് ദീപക് (55) എന്നിവർ മികച്ച തുടക്കം നൽകി. കിരൺ സാഗറും ആൽഫി ഫ്രാൻസിസും മൂന്ന് വിക്കറ്റ് വീതം നേടി.