തിരുവനന്തപുരം: നിശബ്ദപ്രചാരണത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ട് പട്ടം കേന്ദ്രീയ വിദ്യാലത്തിന് പുറകുവശത്തെ പനച്ചിമൂട്ടിലാണ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. മെഡിക്കൽ കോളേജ് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. കൈയാങ്കളിയിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ രണ്ടുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ ആശുപത്രിക്ക് മുന്നിൽ വച്ചും സംഘർഷമുണ്ടായി. സംഭവമറിഞ്ഞ് ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ് സ്ഥലത്തെത്തി. ഇരുവിഭാഗത്തിൽപ്പെട്ടവരുടെയും പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.