മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുക എന്നത് ചിലർക്ക് ഏറെ ഇഷ്‌ടമുള്ള ഒന്നാണ്. എന്നാൽ, നിധി തേടി പോകുന്നതിനിടെ ചിലപ്പോൾ അവരെ കാത്തിരിക്കുന്നത് ദുരന്തങ്ങൾ ആകാം. ഇന്നും നിധിവേട്ടക്കാർക്ക് പിടികൊടുക്കാത്ത ഒരു നിധി ശേഖരമുണ്ട് അമേരിക്കയിൽ. റോക്കി പർവത നിരകളിൽ എവിടെയോ അമൂല്യ രത്നങ്ങളും സ്വർണ നാണയങ്ങളും ആഭരണങ്ങളും നിറച്ച ഒരു വെങ്കല പേടകം ഉണ്ട്. ഫോറസ്‌റ്റ് ഫെൻ എന്ന 88 കാരനായ ശതകോടീശ്വരനാണ് ഈ നിധിയുടെ ഉടമസ്ഥൻ.
മുൻ വിയറ്റ്നാം ഫൈറ്റർ പൈലറ്റും ആർക്കിയോളജിസ്‌റ്റും ബിസിനസുകാരനുമാണ് ഫെൻ. താൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫെൻ, രണ്ട് മില്യൺ ഡോളർ വിലമതിക്കുന്ന രത്നങ്ങളും സ്വർണവും നിറച്ച പേടകം റോക്കി പർവത നിരയിൽ ഒളിപ്പിച്ചത്. ആരാണ് പേടകം കണ്ടെത്തുന്നത് അവർക്കുള്ളതാണ് ഈ നിധിയെന്ന് ഫെൻ 2010ൽ പ്രഖ്യാപിച്ചിരുന്നു. അന്നു മുതൽ നിരവധി പേരാണ് നിധി കണ്ടെത്താൻ ഇറങ്ങി തിരിച്ചത്. പക്ഷേ, ആർക്കും നിധി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, നാല് നിധി വേട്ടക്കാർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.
40 പൗണ്ട് ഭാരം വരുന്ന നിധി പേടകം റോക്കി മലനിരകളിൽ എവിടെയാണെന്ന് ഫെന്നിന് മാത്രമേ അറിയൂ. സാന്റാ ഫേയുടെയും കനേഡിയൻ അതിർത്തിയുടെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്നും 5,000 അടിയിലേറെ ഉയരമുള്ള ഭാഗത്താണ് താൻ നിധി ഒളിപ്പിച്ചിരിക്കുന്നതെന്ന് ഫെൻ പറയുന്നു. 'ദ ത്രിൽ ഒഫ് ദ ചേയ്സ് ' എന്ന തന്റെ പുസ്‌തകത്തിലൂടെ നിധി ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നത് സംബന്ധിച്ച സൂചനകൾ ഫെൻ ഒരു കവിതയുടെ രൂപത്തിൽ അവതരിപ്പിക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം നിരാശരായി. ഫെന്നിന്റെ കവിതയ്‌ക്കിടയിൽ മറഞ്ഞിരിക്കുന്ന അർത്ഥം കണ്ടെത്തി നിധിയുടെ സ്ഥാനം തേടി പോകണമെന്ന് ചിലർ പറയുന്നു. ഫെന്നിന്റെ കവിതയിലെ വരികളിൽ പ്രതിപാദിക്കുന്ന പോലുള്ള സ്ഥലം റോക്കി മലനിരകളിൽ ആർക്കും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇനിയും സൂചനകൾ പറയണമെന്നാവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഫെൻ പറഞ്ഞിട്ടില്ല.