നേമം: പതിറ്റാണ്ടുകളായി ഉപജീവനത്തിലുപരി അതിജീവനത്തിനായി കാലി വളർത്തിയിരുന്ന കർഷകർ ഇന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. കാലികൾക്ക് നൽകാനുളള പിണ്ണാക്ക്, പുല്ല്, വയ്ക്കോൽ എന്നിവയ്ക്ക് വിലയേറിയതാണ് കലി വളർത്തൽ കർഷകർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയിലെ തന്നെ പെരിങ്ങമ്മല, കല്ലിയൂർ, കാക്കാമൂല, കാർഷിക കോളേജ്, വെളളായണി തുടങ്ങിയ സ്ഥലങ്ങളാണ് കാലിവളർത്തലിലും ക്ഷീര വ്യവസായത്തിലും മുന്നിൽ നിൽക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്നു അഞ്ഞൂറിലേറെ പാൽ വിതരണക്കാരാണ് പുലർച്ചയോടുകൂടി തിരുവനന്തപുരം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പാൽ വിതരണം നടത്തുന്നത്. കാലികളെ സംരക്ഷിക്കുന്നതിനുളള ചെലവ് ഏറിയതും എന്നാൽ കർഷകർക്ക് ലഭിക്കുന്ന പാലിന്റെ വിലയിലുളള കുറവുമാണ് ഇന്ന് പല കർഷകരും കാലി വളർത്തൽ ഉപേക്ഷിക്കാൻ കാരണം.
പ്രദേശത്തെ പല കാലി കർഷകരും തങ്ങളുടെ കാലികളിൽ നിന്നു ലഭിക്കുന്ന പാൽ സഹകരണ സംഘങ്ങളിലാണ് (സൊസൈറ്റി) നൽകാറുളളത്. പളളിച്ചൽ പഞ്ചായത്തിലെ നടുക്കാട്, നരുവാമൂട്, മൊട്ടമൂട്, അരിക്കടമുക്ക്, ഇടയ്ക്കോട്, പ്രാവച്ചമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ പാൽ ശേഖരിച്ച് വിതരണം ചെയ്യുന്നത് കർഷകർക്ക് വളരെയധികം ആശ്വാസം നൽകുന്നുണ്ട്. ഇത്തരത്തിൽ സഹകരണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഒരിടവേളയ്ക്കു ശേഷം കാലിവളർത്തലിലേക്ക് തിരിച്ചുവരുന്നവരും ഉണ്ട്.