പൂവാർ: പൂവാർ പൊഴിക്കരയിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച ആയോധന കലാ പരിശീലന കേന്ദ്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. നാടൻ കലാരൂപങ്ങളെയും ആയോധന കലയെയും പരിപോഷിപ്പിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിക്കുന്നതിനുമാണ് സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റ് ഈ ആയോധന കലാകേന്ദ്രം സ്ഥാപിച്ചത്. ഇതിനായി രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചതല്ലാതെ നാളിതുവരെ തുടർനടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ടൂറിസത്തെ പരിപോഷിപ്പിക്കാൻ പൂവാർ പഞ്ചായത്ത് ടൂറിസം വകുപ്പിന് കൈമാറിയ കെട്ടിടത്തിലാണ് ഈ രണ്ട് കെട്ടിടങ്ങളും പണിതത്. മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത ഈ കെട്ടിടത്തിന് ഇപ്പോൾ ആകെയുള്ള ഉപയോഗം പൊഴിക്കരയിൽ എത്തുന്നവർക്ക് മഴനനയാതെ നിൽക്കാം എന്നതാണ്. എന്നാൽ ജീർണാവസ്ഥയിൽ തുടരുന്ന കെട്ടിടത്തിലേക്ക് സഞ്ചാരികൾ കയറുന്നത് ഭീഷണി ഉയർത്തുന്നെന്നും സമീപത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ പറയുന്നു. ഈ കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റണമെന്നും അവർ ആവശ്യപ്പെടുന്നു.
തെക്കൻ കേരളത്തിൽ ശക്തിയാർജിച്ച ആയോധനകലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിൽ സജീവമായിരുന്ന തെയ്യം, പൂരക്കളി, കോൽക്കളി, വേലകളി, തച്ചോളി കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഗമിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഒപ്പം നെയ്യാർ അറബിക്കടലിൽ ലയിക്കുന്ന പൂവാർ പൊഴിക്കരയിലെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനെത്തുന്നവർ, ബ്രേക്ക് വാട്ടറിലെ കണ്ടൽക്കാടിനിടയിലൂടെയുള്ള ബോട്ട് സവാരിയും കഴിഞ്ഞ് തീരത്തെ മണൽപ്പരപ്പിൽ വിശ്രമിക്കാനും ആയോധന കലാ കേന്ദ്രത്തിനുള്ളിലെ കലാ രൂപങ്ങൾ കണ്ട് ആസ്വദിക്കാനും അവസരമൊരുക്കാനുമാണ് ടൂറിസം വകുപ്പ് ലക്ഷ്യംവച്ചത്.
തീർത്തും വാസ്തുശില്പ മാതൃകയിൽ കരിങ്കല്ലിൽ തീർത്ത കെട്ടിടങ്ങൾ രണ്ടും ഇന്ന് ഏത് നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന വാതിലുകളും ജനാലകളും സാമൂഹ്യ വിരുദ്ധർ കൈക്കലാക്കി. ജീർണിച്ച കെട്ടിടങ്ങൾ ഇന്ന് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തകർന്ന് വീഴാറായ കെട്ടിടങ്ങൾക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷനും ഇടയിലാണ് ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിന്റെ മറവിലാണ് ടൂറിസ്റ്റുകൾ പ്രാഥമിക കർമ്മങ്ങൾ നടത്തുന്നതും. ഇതിനുള്ള സൗകര്യം പോലും ഒരുക്കാൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. ജീർണാവസ്ഥയിൽ തുടരുന്ന ഈ കെട്ടിടം പുനർ നിർമ്മിക്കുകയോ അല്ലാത്തപക്ഷം ഇത് നവീകരിച്ച് ഉപയോഗപ്രദമായ തരത്തിൽ വിശ്രമകേന്ദ്രം സ്ഥാപിക്കുകയോ വേണമെന്നാണ് പൊതു ആവശ്യം.