kalki

ബംഗളൂരു: ഇന്ത്യയിൽ മാത്രമല്ല, അങ്ങ് അമേരിക്കയിലും ചൈനയിലും സിംഗപ്പൂരിലും യു.എ.ഇയിലുമൊക്കെ പിടിയുണ്ട്. ഭക്തി മറയാക്കി നടത്തുന്നത് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ ബിസിനസുകൾ. ഇതിലൂടെ കണക്കിൽപ്പെടാതെ അക്കൗണ്ടിലെത്തുന്നത് കോടികൾ.. കഴിഞ്ഞദിവസം ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതുവരെ കൽക്കി ഭഗവാന്റെ ഇൗ ഇരുണ്ടമുഖം അനുയായികൾക്ക് അറിയില്ലായിരുന്നു. കുറച്ചുനാൾമുമ്പ് ആൾ ദൈവങ്ങളിലെ വൻമരങ്ങൾ പലരും കടപുഴകി വീണപ്പോഴും കൽക്കി അങ്ങനെ ഇളക്കമില്ലാതെ തുടർന്നു. അത് അനുയായികളുടെ വിശ്വാസം കൂട്ടി. കഴിഞ്ഞദിവസം നടന്ന റെയ്ഡോടെ സംശയത്തിന്റെ ദൃഷ്ടികൾ കൽക്കിയ്ക്ക് മേലേയ്ക്കും പതിഞ്ഞു. 500കോടിയുടെ കള്ളസ്വത്താണ് കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ലോത്താകമാനം പതിനാല് ദശലക്ഷം അനുയായികൾ കൽക്കിയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്.

ആരാണ് ഈ കൽക്കി?

ആന്ധ്രയിലെ വെല്ലൂർ ജില്ലയിൽ 1949ൽ ജനിച്ച വിജയകുമാറാണ് ഇന്ന് ലോകമെങ്ങും അറിയുന്ന കൽക്കി ഭഗവാനായത്. കൊച്ചു കൽക്കിക്ക് ആറുവയസുള്ളപ്പോൾ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അതോടെ പഠനം ചെന്നൈയിലെ ഡോൺബോസ്കോ സ്കൂളിലായി. ചെന്നൈ ഡി.ജി വൈഷ്ണവ് കോളേജിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദം നേടി. 1977ൽ പത്മാവതിയെ വിവാഹം ചെയ്തു. അപ്പോഴെങ്ങും വിജയകുമാർ ആൾ ദൈവമായി അറിയപ്പെട്ടിരുന്നില്ല.

1984ൽ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ജീവാശ്രം സ്കൂൾ സ്ഥാപിച്ചതോടെയാണ് വിജയകുമാറിൽ നിന്ന് കൽക്കി എന്ന ആൾദൈവത്തിലേക്കുള്ള വളർച്ച തുടങ്ങിയത്. അന്ന് അറിയപ്പെട്ടിരുന്നത് ശ്രീ ഭഗവാൻ എന്നായിരുന്നു. എല്ലാത്തിനും കൂട്ടായി പത്മാവതിയും ഉണ്ടായിരുന്നു. സ്കൂളിലെ കുട്ടികളെല്ലാം അമ്മ എന്നാണ് അവരെ വിളിച്ചിരുന്നത്. കുട്ടികൾക്ക് ഒൗപചാരികമായ വിദ്യാഭ്യാസത്തിനൊപ്പം തത്വശാസ്ത്രം, ആത്മീയത തുടങ്ങിയവയെക്കുറിച്ച് അറിവുനൽകുകയായിരുന്നു സ്കൂൾ സ്ഥാപിച്ചതിന്റെ ലക്ഷ്യം. തൊട്ടടുത്ത ഗ്രാമങ്ങളിലുള്ള മുന്നൂറോളം കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകിയത്. അവർക്കുവേണ്ട എല്ലാ സഹായങ്ങളും നൽകിയതോടെ ശ്രീ ഭഗവാൻ ഗ്രാമവാസികളുടെ കൺകണ്ട ദൈവമായി. ശ്രീ ഭഗവാന്റെ പ്രവൃത്തികളിൽ ചിലർ സംശയം ഉയർത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ സ്കൂളിലെ ചില കുട്ടികൾക്ക് അതിന്ദ്രീയ ജ്ഞാനം ലഭിച്ചെന്ന വാർത്ത പുറത്തുവന്നു. ജ്ഞാനം ലഭിച്ചതോടെ അവർക്ക് ദൈവങ്ങളുമായി നേരിട്ട് സംവദിക്കുവാൻ കഴിഞ്ഞുവെന്ന് പ്രചരിപ്പിച്ചു. ഇതിലൂടെ തന്റെ വളർച്ചയായിരുന്നു കൽക്കി ലക്ഷ്യമിട്ടത്.

പത്തുവർഷം കഴിഞ്ഞ് സ്കൂൾ പൂട്ടി. സമൂഹത്തിന് മൊത്തത്തിൽ ആത്മീയ വിദ്യാഭ്യാസം നൽകിയെങ്കിലേ കാര്യമുള്ളൂ എന്നും അതിനാലാണ് സ്കൂൾ പൂട്ടിയതെന്നുമാണ് പറഞ്ഞിരുന്നത്. ജീവാശ്രം സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ആത്മീയ വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നൽകിയിരുന്നത്. ഇതിൽ പങ്കെടുത്ത ചിലർക്കും അതിന്ദ്രീയ ജ്ഞാനം ലഭിച്ചതായി പ്രചാരണമുണ്ടായി. വെള്ളക്കുതിരയെ പൂട്ടിയ രഥത്തിൽ വരുന്ന ദൈവത്തെയാണ് അവർ ദർശിച്ചതത്രേ. ആ ദൈവത്തിന് ശ്രീ ഭഗവാന്റെ മുഖമായിരുന്നു എന്നായിരുന്നു പ്രചാരണം. അങ്ങനെയാണ് കൽക്കി ഭഗവാൻ എന്ന പേര് ചാർത്തിക്കിട്ടിയത്.

വളർച്ചയുടെ വേഗം

പിന്നീടുള്ള വളർച്ച കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലുമടക്കം രാജ്യത്തിന്റെ പലയിടങ്ങളിലും ആശ്രമങ്ങൾ സ്ഥാപിച്ചു. ഒപ്പം ആത്മീയ, തത്വശാസ്ത്ര പഠനങ്ങൾക്കായി കാമ്പസുകളും. ഇവിടേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കായിരുന്നു. അതോടെ പ്രശസ്തി കടൽ കടന്നു. ഇതിനിടെ സൗഖ്യ പരിപാടികൾ നടത്താൻ വിവിധ ട്രസ്റ്റുകളും സ്ഥാപിച്ചു. വിദേശ രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉണ്ടായി. അതോടെ കോടിക്കണക്കിന് രൂപയാണ് കൽക്കിയുടെ കൈകളിലേക്കെത്തിയത്. അതോടെ ആശ്രമങ്ങൾ പലതും ഫൈവ് സ്റ്റാർ ഹോട്ടലുകളെ തോൽപ്പിക്കുന്ന തരത്തിലായി.

കൽക്കിയ്ക്കും കുടുംബത്തിനും താമസിക്കാൻ രമ്യഹർമ്യങ്ങൾ പലതുയർന്നു. അതിനിടെ മകൻ എൻ.കെ.വി കൃഷ്ണ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്‌‌ഷൻ രംഗത്തേക്കുകൂടി ചുവടുവച്ചു. എന്നാൽ, ഇതെല്ലാം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഭക്തിയുടെ പുതപ്പുകൊണ്ട് ഭദ്രമായി മൂടാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുപ്പവും ഇതിന് തുണയായി. പല ഉന്നതരുമായും ബന്ധം സ്ഥാപിച്ചത് കൽക്കിയുടെ മകനായിരുന്നു എന്നാണ് അറിയുന്നത്. വിവിധ വിദേശ ഇടപാടുകാരിൽ നിന്നുമായി ചൈന, യുഎസ്, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിലുള്ള കൽക്കിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പണമി‌ടപാടുകൾ നടത്തിയിരുന്നു. ഇതിന്റെ തെളിവ് ആദായ നികുതി റെയ്ഡിൽ കണ്ടെത്തിയിരുന്നു. പണമെത്തുന്നതിനൊപ്പം കാണിക്ക എന്നരീതിയിൽ വജ്ര, സ്വർണാഭരണങ്ങളും കൽക്കിയുടെ കൈകളിലേക്കെത്തിയിരുന്നു.

അതേസമയം, ആശ്രമത്തിന്റെയും സ്ഥാപനങ്ങളുടെയും ഇടപാടുകൾ എല്ലാം സുതാര്യമെന്നാണ് കൽക്കിയും മകനും പറയുന്നത്. എന്നാൽ, ഇന്ത്യയിലും വിദേശത്തുമായി നടത്തിയ വിവിധ പണമിടപാടുകളെക്കുറിച്ചുള്ള രേഖകൾ മറച്ചുവയ്ക്കുന്നു എന്ന വിവരം കിട്ടിയതോടെയാണ് ആദായ നികുതി അധികൃതർ പരിശോധന നടത്തിയത്.