നിയന്ത്രണരേഖയിൽ പ്രകോപനം സൃഷ്ടിച്ച് അതുവഴി ഭീകരപ്രവർത്തകരെ ഇന്ത്യയിലേക്കു കടത്തിവിടാൻ പാകിസ്ഥാൻ നടത്താറുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷത്തിൽ മിക്കവാറും എല്ലാ ദിവസവും ഇതു നടക്കാറുണ്ട്. അധിനിവേശ കാശ്മീരിലെ പാക് പട്ടാള ക്യാമ്പുകളുടെ മറപറ്റി തരം കിട്ടിയാലുടൻ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ പാകത്തിൽ ഭീകരർ സദാ സന്നദ്ധരായി നിൽക്കാറുണ്ട്. പാക് പട്ടാളക്കാരുടെ പ്രകോപനമില്ലാത്ത വെടിവയ്പിന് ഇന്ത്യൻ പക്ഷത്തുനിന്ന് അതേ നാണയത്തിൽ തിരിച്ചടിയും പതിവാണ്. ഇരുഭാഗത്തും ആൾനാശവും ഉണ്ടാകാറുണ്ട്. ശനിയാഴ്ച രാത്രി ഇതുപോലെ ഉണ്ടായ പാക് വെടിവയ്പിൽ രണ്ട് പട്ടാളക്കാരും ഒരു സിവിലിയനും ഉൾപ്പെടെ മൂന്നുപേർ ഇന്ത്യൻ ഭാഗത്തു കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്ന നിലയ്ക്കാണ് ഞായറാഴ്ച ഇന്ത്യൻ സേന പാക് അധീന കാശ്മീരിലെ പാക് ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി അതിശക്തമായ ആക്രമണം നടത്തിയത്. പാക് സൈനിക പോസ്റ്റുകളോടു ചേർന്നു പ്രവർത്തിച്ചിരുന്ന നാല് ഭീകര ക്യാമ്പുകളിൽ മൂന്നും ഇന്ത്യയുടെ ആക്രമണത്തിൽ നിശേഷം തകർന്നതായാണ് വാർത്ത. നാലാമത്തേതും കാര്യമായ നിലയിൽ തകർന്നിട്ടുണ്ട്. എട്ടോളം പാക് പട്ടാളക്കാർക്ക് ഇതിൽ ജീവഹാനി നേരിട്ടുവെന്നാണ് സൂചന. മൂന്ന് ക്യാമ്പുകൾ നാമാവശേഷമായതിൽ മുപ്പതിൽപ്പരം ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ സൂചിപ്പിക്കുകയുണ്ടായി. ഭീകരരും പട്ടാളക്കാരുമായി നിരവധി പേർക്ക് ഇന്ത്യയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്.
ജമ്മുകാശ്മീരിന്റെ വിഭജനവുമായി ബന്ധപ്പെട്ട് പാർലമെന്റ് പ്രത്യേക നിയമം പാസാക്കിയതിനു ശേഷം പാകിസ്ഥാന്റെ പ്രകോപന നടപടികൾ വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരന്റെ വേഷമഴിച്ചു കളഞ്ഞ് രാഷ്ട്രീയക്കാരന്റെ ഒട്ടും പാകമാകാത്ത വേഷമണിഞ്ഞ് പ്രധാനമന്ത്രിക്കസേരയിൽ കയറിപ്പറ്റിയ ഇമ്രാൻഖാനെ ശരിക്കും മുന്നോട്ടു നയിക്കുന്നത് പരമ്പരാഗതമായി ഇന്ത്യാ വിരോധം കൈമുതലായുള്ള സേനാധിപന്മാരാണെന്ന കാര്യം എല്ലാവർക്കും അറിയാം. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നല്ല അയൽ ബന്ധങ്ങളുടെയും ഭാഷ അറിയാത്ത പാക് രാഷ്ട്രീയ നേതൃത്വം സൈനിക മേധാവികളുടെ താളത്തിനൊത്തു തുള്ളുകയാണ്. ഇന്ത്യയുമായി നേരിട്ട് ഏറ്റമുട്ടാൻ ത്രാണിയില്ലെന്ന് നല്ലപോലെ അവർക്കറിയാം. ബലഹീനത മനസിലാക്കിത്തന്നെയാണ് ഭീകരരെ ഇന്ത്യയിലേക്കു കയറ്റിവിട്ട് വിധ്വംസക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാൻ പാകിസ്ഥാനു കഴിയുന്നില്ല. ലഭ്യമായ എല്ലാ വേദികളിലും കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടി ലോക രാജ്യങ്ങളുടെ പിന്തുണ നേടാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വിജയിക്കാനാവാത്തതിന്റെ നിരാശയും കാലുഷ്യവും ഏറെ പ്രകടമാണ്. അതിർത്തിയിൽ പാക് സേനയും അവരുടെ മറവിൽ ഭീകരരും നിരന്തരം സംഘർഷമുണ്ടാക്കുന്നതിനു പിന്നിലും കാണാം പാക് രാഷ്ട്രീയ നേതൃത്വത്തിന്റെ രണ്ടും കെട്ട അധാർമ്മിക സമീപനം.
ഇന്ത്യൻ സേന ഞായറാഴ്ച പാക് അധിനിവേശ കാശ്മീരിലെ പാക് സേനാ ക്യാമ്പുകൾക്കു നേരെ നടത്തിയ കനത്ത ആക്രമണം കൃത്യമായ ലക്ഷ്യത്തോടെയാണ്. പാക് ഭീകരരെ ഇന്ത്യൻ അതിർത്തിയിലേക്ക് കടത്തിവിടാൻ ഈ ക്യാമ്പുകളിൽ തയ്യാറാക്കി നിറുത്തിയിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ പീരങ്കി ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മുപ്പതിലധികം ഭീകരന്മാരാണെന്ന വസ്തുത ഈ നിഗമനം ശരിവയ്ക്കുന്നു. അതിർത്തിയിൽ നിതാന്ത ജാഗ്രത തുടരുന്നതിനൊപ്പം തന്നെ ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. എത്രയൊക്കെ പ്രതിരോധ നടപടികളെടുത്താലും പാക് ഭീകരർ തരം കിട്ടുമ്പോൾ അതിർത്തി കടന്നെത്താനുള്ള സാദ്ധ്യത വളരെ വിപുലമാണ്. അത്തരത്തിലുള്ള ഒരു സംഘം ദസറ ആഘോഷത്തിനു മുന്നേതന്നെ ഇവിടെ എത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ജമ്മുകാശ്മീരിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാകിസ്ഥാനു കഴിയുമെന്നു തോന്നുന്നില്ല. ആ യാഥാർത്ഥ്യം ഉള്ളിലിരുന്നു വിങ്ങുന്നതാണ് അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് സംഘർഷം വളർത്തിയെടുക്കാനുള്ള പ്രധാന കാരണം. അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വളർന്നു കാണാൻ അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുമുണ്ട്. യുദ്ധമുണ്ടായാൽ പരാജയമായിരിക്കും ഫലമെന്ന് അവർക്ക് അറിയുകയും ചെയ്യാം. എന്നിരുന്നാലും ഇന്ത്യയെ ഒരു യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാനും അതുവഴി ശൈഥില്യം സൃഷ്ടിക്കാനും വഴിയുണ്ടോ എന്നാണ് കാലാകാലങ്ങളായി പാക് ഭരണാധികാരികൾ ഉറ്റു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്റെ ഇത്തരം സാഹസങ്ങൾക്ക് ചുട്ട പ്രഹരം നൽകാൻ ഇന്ത്യയ്ക്ക് നിഷ്പ്രയാസം കഴിയുമെന്ന് അവർക്കും ബോദ്ധ്യമുണ്ട്. എങ്കിലും മനഃപൂർവം അതിർത്തിയിൽ പ്രകോപനമുണ്ടാക്കി ഇന്ത്യയെ തുറന്ന പോരിലേക്കു വലിച്ചിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അയൽ ബന്ധങ്ങൾ നല്ല നിലയിലാകണമെന്നതിൽ ഒരു താത്പര്യവും പാകിസ്ഥാനില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ അതു പ്രതീക്ഷിച്ചിട്ടും കാര്യമില്ല. മുട്ടാള സമീപനത്തെ അതേ നാണയത്തിൽ നേരിടുക എന്നതു മാത്രമാണു പോംവഴിയെന്നു തെളിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നും പാക് ഭീകര ക്യാമ്പുകൾ തകർത്തു നാമാവശേഷമാക്കാൻ ഇന്ത്യയ്ക്കു നിഷ്പ്രയാസം കഴിയും. ബാലാകോട്ടിൽ നേരത്തേ അക്കാര്യം പാകിസ്ഥാനെ ബോദ്ധ്യപ്പെടുത്തിയതാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ മേധാവിയുമൊക്കെ പലവട്ടം അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. വാക്കുകൾ കൊണ്ട് അതു ബോദ്ധ്യമായില്ലെങ്കിൽ പ്രഹരശേഷിയിലൂടെ ബോദ്ധ്യപ്പെടുത്തുകയേ നിർവാഹമുള്ളൂ.