നേമം: വീടിനു സമീപം കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് സമീപവാസിയായ യുവാവിന്റെ നേതൃത്വത്തിലുളള സംഘം വീട്ടിൽക്കയറി വൃദ്ധയെയും മകളെയും മർദ്ദിച്ച സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കല്ലിയൂർ കാക്കാമൂല ശാലേമിൽ കത്രീന (70)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. സമീപവാസിയായ യുവാവ് കത്രീനയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്തശേഷം അതിലിരുന്ന് മദ്യപിച്ചതായി പരാതിയിൽ പറയുന്നു. ഈ സമയം, വൃദ്ധയുടെ വീട്ടിലെത്തിയ അതിഥിയുടെ വാഹനം കടന്നുപോകാൻ കഴിയാത്തതിനാൽ, കാറു മാറ്റിയിടാൻ പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന യുവാവും കൂട്ടാളികളും ചേർന്ന് കത്രീനയെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ഗേറ്റ് വലിച്ചടച്ച് കത്രീനയുടെ തലയ്ക്ക് പരിക്കേൽപ്പിച്ചതായും തടയാനെത്തിയ മകളെയും സഹോദരനെയും ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയിൽ പറയുന്നു.