വക്കം: വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മൃതിദിനം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ ആചരിച്ചു. പൊലീസ് സ്മൃതി മണ്ഡപത്തിൽ കടയ്ക്കാവൂർ സി.ഐ എം. ശ്രീകുമാർ പുഷ്പചക്രം സമർപ്പിച്ചു.
കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, പൊലീസ് സേനാംഗങ്ങൾ, സേതു പാർവതി ഭായി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ എന്നിവർ ചേർന്ന് പുഷ്പാർച്ചനയും ഉപചാരവും അർപ്പിച്ചു. തുടർന്ന് കടയ്ക്കാവൂർ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മരണപ്പെട്ട പൊലീസ് ഉദ്യോസ്ഥനായ സജുവിന്റെ വീട്ടിൽ പൊലീസുകാരും എസ്.പി.സി കേഡറ്റുകളും സന്ദർശിച്ചു. യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ട സജുവിന്റെ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞപ്പോൾ കണ്ണീർ മാറി ചെറിയ മന്ദഹാസം. മകൻ നട്ട പാഷൻ ഫ്രൂട്ട് ചെടിയെപ്പറ്റി വാചാലയായി. അവൻ നട്ട ചെടി കായവരും മുൻപ് അവൻ പോയി മോനേ എന്ന വാക്കുകൾ എല്ലാവരെയും ഈറനണിയിച്ചു. അമ്മയ്ക്കും അച്ഛനും സെറ്റ് മുണ്ടും വസ്ത്രങ്ങളും നൽകി അവരോടൊപ്പം അൽപ നേരം ചെലവിട്ട ശേഷമാണ് സംഘം മടങ്ങിയത്.