തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 200 സെന്റിമീറ്റർ വീതം ഉയർത്തി. നിലവിൽ 46.45 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 46.6 മീറ്ററാണ് പരമാവധി സംഭരണശേഷി. ഇവിടെ നിന്നുള്ള വൈദ്യുതോത്പാദനവും പൂർണതോതിൽ ആക്കിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായ പേപ്പാറയിൽ കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തി. 107.46 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. 107.50 മീറ്ററാണ് പരമാവധി സംഭരണശേഷി. കരമനയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.