വക്കം: വക്കം എസ്.എൻ ജംഗ്ഷനിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടാകുന്നു. ഇടുങ്ങിയ റോഡിൽ ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. വക്കത്തെ സ്വകാര്യ മെഡിക്കൽ കോളെജിലേക്കുള്ള പ്രവേശന ജംഗ്ഷൻ കൂടിയാണിത്. റോഡിനോട് ചേർന്നാണിവിടെ കടകളും, വീടുകളും. അത് കൊണ്ട് തന്നെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡിലെ ചെളിവെള്ളം, കടകളിലേക്കും, വീടുകളിലേക്കും തെറിച്ച് വീഴുന്നതും പതിവാണ്. ഒഴുകി പോകാൻ ഇടമില്ലാത്തതിനാൽ ഈ വെള്ളം മണ്ണിൽ താഴ്ന്നിറങ്ങുന്നതു വരെ കാത്തിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പരിഹാരമായി റോഡിന്റെ ഒരു വശത്തെങ്കിലും ഓട നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.