rain-

 അഞ്ചു മണ്ഡലങ്ങളിലെ പോളിംഗ് ശരാശരി: 69.06

 2016 നെക്കാൾ 5 ശതമാനത്തോളം കുറവ്

 എറണാകുളത്ത് 14 ശതമാനത്തിലേറെ കുറവ്

 ഭേദപ്പെട്ട പോളിംഗ് നടന്ന അരൂരിലും പോളിംഗ് കുറഞ്ഞു

 മഞ്ചേശ്വരത്ത് കള്ളവോട്ടിന് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: മുന്നണികളെ ഞെട്ടിച്ച് 'ന്യൂനമർദ്ദം' വില്ലനായതോടെ കനത്തുപെയ്ത മഴയിൽ സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം ഇ‌ടിഞ്ഞു. 69.06 ശതമാനമാണ് അഞ്ചിടത്തെ ശരാശരി പോളിംഗ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രേഖപ്പെടുത്തിയതിനെക്കാൾ കുറവാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 75.25 ആയിരുന്നു അഞ്ചു മണ്ഡലങ്ങളിലെ പോളിംഗ് ശരാശരി.

വട്ടിയൂർക്കാവിൽ 62.59 ശതമാനം, കോന്നിയിൽ 69.99, അരൂർ 80.26, മഞ്ചേശ്വരം 74.81 എന്നിങ്ങനെയാണ് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോഴത്തെ പോളിംഗ് നില. കനത്ത മഴ വിഴുങ്ങിയ എറണാകുളത്ത് സമീപകാല തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ്- 57.67. നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ 14 ശതമാനത്തോളം കുറവ്. ഇവിടെ ആറു മണിക്കുശേഷവും 27 ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് ബാക്രബയൽ സ്കൂളിലെ 42-ാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നു കണ്ട്, പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ അരൂരിൽ 2016-ലേതിനെക്കാൾ 5.17ശതമാനം കുറവാണ് ഇക്കുറി. കോന്നിയിൽ പോളിംഗ് 3.2 ശതമാനം കുറഞ്ഞു. മഴ ശക്തമല്ലാതിരുന്നിട്ടും മഞ്ചേശ്വരത്ത് തുടക്കത്തിൽ വോട്ടർമാർ വലിയ ആവേശം കാണിക്കാതിരുന്നതും മുന്നണികളെ ഞെട്ടിച്ചു. പോളിംഗിൽ 2016 ലേതിനെക്കാൾ കാര്യമായ വ്യത്യാസം മഞ്ചേശ്വരത്ത് ഉണ്ടായിട്ടില്ല- 1.38 ശതമാനത്തിന്റെ കുറവ് മാത്രം. വട്ടിയൂർക്കാവിൽ പോളിംഗ് 7.24 ശതമാനം കുറഞ്ഞു. ആദ്യ മണിക്കൂറുകളിൽ മന്ദഗതിയിലായിരുന്ന പോളിംഗ് 11 മണി പിന്നിട്ടതോടെയാണ് സാധാരണനിലയിലായത്. മഴയുണ്ടായിട്ടും അരൂരിലും കോന്നിയിലും രാവിലെ മുതൽ ഭേദപ്പെട്ട പോളിംഗ് നടന്നു.

ആരെ തുണയ്ക്കും?

പോളിംഗ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ. ലക്ഷണമൊത്ത ത്രികോണമത്സരം നടന്നതായി കരുതുന്ന കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

അഞ്ചിടത്തും ജയിക്കുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുമ്പോൾ ചിലേടങ്ങളിലെങ്കിലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പാലാ ഉപതിരഞ്ഞെടുപ്പിൽ 2016 നെ അപേക്ഷിച്ച് പോളിംഗ് ആറു ശതമാനത്തോളം കുറഞ്ഞപ്പോൾ ജയം ഒപ്പമായത് ഇടതു കേന്ദ്രങ്ങളിൽ ആത്മവിശ്വാസമുയർത്തുന്നു. അഞ്ചു മണ്ഡലങ്ങളിലും വിജയിക്കുമെന്നു തന്നെ യു.ഡി.എഫും വിലയിരുത്തുന്നു.

മഴയുടെ പോളിംഗ്

എറണാകുളത്ത്

അതിശക്തമായ മഴയിൽ 10 ബൂത്തുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് രാവിലെ പോളിംഗ് തടസ്സപ്പെട്ടു. മഴ ശമിക്കാതിരിക്കുകയും പലേടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ആശങ്കയുയർന്നെങ്കിലും കാത്തിരിക്കാനായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം.

വോട്ടെടുപ്പ് രണ്ടു മണിക്കൂർ നീട്ടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് നിരസിക്കുകയായിരുന്നു. വൈകിട്ട് ആറിന് ക്യൂവിൽ ഉണ്ടായിരുന്നവർക്കെല്ലാം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി.