വിതുര: തൊളിക്കോട് പഞ്ചായത്തിലെ വികസനമുരടിപ്പിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ യു.ഡി.എഫ് തൊളിക്കോട് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചതായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അറിയിച്ചു. തൊളിക്കോട്-വിതുര കുടിവെള്ളപദ്ധതി നടപ്പിലാക്കുക, തൊളിക്കോട് ഗവ. ആശുപത്രിയിൽ ഇൻപേഷ്യന്റ് വിഭാഗം ആരംഭിക്കുക, തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. ആദ്യ ഘടത്തിൽ പഞ്ചായത്ത് ഒാഫീസ് പടിക്കൽ ധർണ നടത്തും. തുടർന്ന് സംസ്ഥാനപാത ഉപരോധമുൾപ്പടെയുള്ള സമരങ്ങൾ നടത്തുവാനാണ് തീരുമാനം. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ തൊളിക്കോട് ഷംനാദ്, ടി. നളിനകുമാരി, നട്ടുവൻകാവ് വിജയൻ, എൽ.എസ്. ലിജി എന്നിവർ പങ്കെടുത്തു.