വിതുര: പൊന്മുടി, ബോണക്കാട് വനമേഖലയിൽ മഴ തുടരുന്നതിനാൽ നദികളിലെ ജലനിരപ്പ് ഉയർന്നു. മഴയിൽ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ വ്യാപക നാശമുണ്ട്. കല്ലാറിന്റെയും വാമനപുരം നദിയുടെയും തീരപ്രദേശങ്ങളിൽ വ്യാപകമായി മണ്ണിടിഞ്ഞു. മലവെള്ളപ്പാച്ചിലിൽ ഏക്കർ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. വാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയ കൃഷികൾ വെള്ളംകയറി നശിച്ചു. ഇന്നലെ പെയ്‌ത കനത്ത മഴയിൽ വിതുര മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഏറെ നേരം വെള്ളത്തിനിടയിലായി. പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങളും വെള്ളത്തിൽ മുങ്ങി. മഴയെ തുടർന്ന് പൊന്മുടി - തിരുവനന്തപരും സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും റോഡുകളും തകർന്നു. പൊന്മുടി - കല്ലാർ റൂട്ടിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മന്നൂർക്കോണത്തിന് സമീപം വെള്ളക്കെട്ടിൽ ബൈക്ക് മറിഞ്ഞ് നെടുമങ്ങാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു.