ddd

നെയ്യാറ്റിൻകര: വൻകുഴികൾ നിറഞ്ഞ നെയ്യാറ്റിൻകര ടൗണിലെ മരണക്കെണിയിലൂടെയുള്ള യാത്ര തികച്ചും അപകടകരം. നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപമുള്ള റോഡിലെ വലിയ കുഴികളിൽ ദിവസവും നിരവധി ഇരുചക്രവാഹനമുടമകളാണ് വീണ് പരിക്കേക്കുന്നത്. റോഡരുകിലെ പൈപ്പ്ലൈൻ കൂടെ പൊട്ടുന്നത് പതിവായതോടെ ആശുപത്രി ജംഗ്ഷൻ-തൊഴുക്കൽ യാത്രക്കാർ പൊറുതിമുട്ടി. ജില്ലാ ജനറൽ ആശുപത്രിയിലെ പ്രധാന ഗേറ്റിന് മുൻവശത്താണ് ഈ വിലയ കുഴി. അത്യാസന്ന നിലയിലായ രോഗികളുമായി പോകുന്ന ആംബുലൻസും മറ്റും ഈ കുഴികളിൽ വീണ് തെന്നിത്തെറിച്ചാണ് പോകുന്നത്.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ഒരു അച്ഛനും മകളും ഈ കുഴിയിൽ വീണ് രണ്ടുപേർക്കും തലയ്ക്ക് സാരമായി പരിക്കേറ്റു. നാട്ടുാകാരെത്തിയാണ് വീണു കിടന്ന ഇവരെ ആശുപത്രിയിലെത്തിച്ചത്.

നെയ്യാറ്റിൻകര ടൗണിൽ നിന്നും പെരുമ്പഴുതൂർ വഴി കാട്ടാക്കടയ്ക്ക് പോകുന്ന റോഡും പൊട്ടിപ്പൊളിഞ്ഞു.

റോഡ് നിർമ്മാണത്തിലെ അപാകതയാണ് മഴക്കാലത്ത് കുഴികൾ രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അനുപാതം തെറ്റിയുള്ള നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയാൻ കാരണമാകുന്നതായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്.

അത്യാവശ്യ ഗതാഗത സർവീസുകൾ നടത്തുന്ന ആശുപത്രി ജംഗ്ഷനിലെ റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് നാട്ടുകാരുടെ ആവശ്യം.