selven

വിതുര: വിവാഹാഭ്യ‌ർത്ഥന നിരസിച്ചതിനെ തുടർന്ന് അയൽവാസിയും വിധവയുമായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ. വിതുര താവയ്ക്കൽ കോളനിയിൽ ആറ്റരികത്ത് വീട്ടിൽ സെൽവൻ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. യുവതി ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തുകയും സെൽവനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വിതുരയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിനോക്കുന്ന ഈ യുവതിയുടെ ജോലിസ്ഥലത്ത് ചെന്നും ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. നിരന്തരം ശല്യമായതോടെ യുവതി പൊലീസിൽ പരാതി നൽകുകയും തുടർന്ന് സെൽവനെ പൊലീസ് താക്കീത് ചെയ്ത് വിടുകയുമായിരുന്നു. താവയ്ക്കൽ സ്വദേശി വിഷ്ണു എന്ന യുവാവിനെ വെട്ടിയ കേസിലും ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തികൊന്ന കേസ് ഉൾപ്പെടെ ആറ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.